ഹോട്ട് ഡ്രോപ്പായി ഐഎസ്എല്‍, ഓസീസ് സൂപ്പതാരങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി നിരവധി ഓസീസ് താരങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രാഡ് ഇന്‍മാനാണ് ഐഎസ്എല്‍ കളിക്കാരന്‍ കരാര്‍ ഒപ്പിട്ടത്. എടികെ മോഹന്‍ ബഗാനാണ് ഒരു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ചിരിക്കുന്നത്.

എ -ലീഗ് ക്ലബ്ബായ ബ്രിസ്ബണ്‍ റോറിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇരുപത്തെട്ടുകാരന്‍ ലീഗിലെ പേരെടുത്ത മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. ടീമിനായി ഇരുപത്തിനാല് മത്സരങ്ങളില്‍ ജേഴ്സി അണിഞ്ഞതാരം നാലു ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരം ന്യൂകാസ്റ്റില്‍ അണ്ടര്‍ 23 ടീമിനായും ബൂട്ടണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ജോയല്‍ ചിയാനീസ് ഹൈദരാബാദ് എഫ്‌സി സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷകരാറിലാണ് മാര്‍ക്വസ് റോക്ക യുടെ കീഴില്‍ ജോയല്‍ എത്തുന്നത്

അടുത്തിടെ സമാപിച്ച എ -ലീഗില്‍ പെര്‍ത് ഗ്ലോറിയെ പ്ലേ ഓഫില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് ജോയല്‍. കഴിഞ്ഞ നാല് സീസണുകളിലായി പെര്‍ത് ഗ്ലോറിയിലാണ് താരം കളിച്ചത്. മുമ്പ് സിഡ്നി എഫ്‌സിക്കായും താരം ബൂട്ട് അണിഞ്ഞിട്ടുണ്ട്.

ഒന്നിലധികം ഓസ്‌ട്രേലിയന്‍ ക്ലബ്ബുകള്‍ക്ക് പുറമേ മലേഷ്യ,ന്യൂസീലാന്റ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ച പരിചയ സമ്പന്നതയുമായാണ് മുപ്പത്കാരന്‍ ഇന്ത്യയിലേക്ക് വരുന്നത്.

നേരത്തെ ഓസ്‌ട്രേലിയ എ ലീഗില്‍ കളിക്കുന്ന സൂപ്പര്‍ താരം ആദം ലെ ഫ്രോണ്‍ഡ്രയെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയും സ്വന്തമാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നിരവധി ഓസീസ് ലീഗ് താരങ്ങളെ ഐഎസ്എല്ലിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. ഒസീസ് താരങ്ങളുടെ ഹോട്ട് ഡ്രോപ്പ് (പ്രിയപ്പെട്ട സ്ഥലം) ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ.

You Might Also Like