മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, കരുത്ത് തെളിയിച്ച് ഹാര്‍ദ്ദിക്ക്
ഇന്ത്യയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഗെയിം ചെയ്ഞ്ചറായ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. കളിയിലെ ടോപ് സ്‌കോററായ നായകന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് സ്മിത്ത് കളിയിലെ താരമായത്. മത്സരത്തില്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു.
എന്നാല്‍ സ്മിത്ത് കേവലം 66 പന്തില്‍ നിന്നാണ് 105 റണ്‍സെടുത്തത്. 11 ഫോറും നാല് സിക്‌സും സഹിതമാണ് സ്മിത്ത് അതിവേഗ സെഞ്ച്വറി നേടിയത്. ഫിഞ്ചാകട്ടെ 124 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 114 റണ്‍സാണ് നേടിയത്. 76 പന്തില്‍ ആറ് ഫോറടക്കം വാര്‍ണര്‍ 69ഉം കേവലം 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സെടുത്ത മാക്‌സ് വെല്‍ ഓസീസ് ഇന്നിംഗ്‌സില്‍ മുതല്‍കൂട്ടായി.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യത്തിനടുത്തെത്താനായില്ലെങ്കിലും ഇന്ത്യയ്ക്കും ആശ്വസിക്കാന്‍ ഒട്ടേറെ വക നല്‍കുന്നതാണ് ആദ്യ മത്സരം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ നാലിന് 101 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടി ധവാനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ആണ് ഇന്ത്യയെ കളിയിലേക്ക് തിരിച്ച് കൊണ്ട് വന്നത്.
ഓസ്‌ട്രേലിയയിലെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം വകഞ്ഞ് മാറ്റ് 76 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 90 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിന്റെ ഇന്നിംഗ്‌സ് കൈയ്യടിക്കാവുന്നതാണ്. ഒന്നര വര്‍ഷത്തിന് ശേഷമുളള അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് അടയാളപ്പെടുത്താന്‍ ഹാര്‍ദ്ദിക്കിനായി. ധവാന്‍ 86 പന്തില്‍ 10 ഫോര്‍ സഹിതമാണ് 74 റണ്‍സെടുത്തത്.
ഒരു മുന്‍ നിര ബാറ്റ്‌സ്മാന്‍ കൂടി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷെ തോല്‍വിയുടെ അഘാതം ഇന്ത്യയ്ക്ക് ഇനിയും കുറയ്ക്കാമായിരുന്നു. ശ്രേയസ് അയ്യര്‍ ഒഴികെയുളള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം രണ്ടക്കം കടന്നത് ഇന്ത്യയ്ക്ക് ശുഭസൂചനയാണ്. അഗര്‍വാള്‍ (22), കോഹ്ലി (21), കെഎല്‍ രാഹുല്‍ (12), ജഡേജ (25), സൈനി (29), ഷമി (13) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.