വിജയമാഘോഷിച്ച ശേഷം ഇന്ത്യയ്ക്ക് തോല്‍വി, ഓസീസിന് നാടകീയ ജയം

ഓസ്ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാടകീയമായ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയ അവസാന പന്തില്‍ മറി കടക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം.

സെഞ്ചുറി നേടിയ ബേത്ത് മൂണിയുടേയും അര്‍ധ സെഞ്ചുറി നേടിയ ടഹ്ലിയ മക്ഗ്രാത്തിന്റെയും പ്രകടനമാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്. ഇതോടെ തുടര്‍ച്ചയായ 26-ാം ഏകദിന വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

നാടകീയമായിരുന്നു ഓസീസ് വിജയം. അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. ഇന്ത്യന്‍ നായിക മിതാലി രാജ് പന്ത് നല്‍കിയത് മുതിര്‍ന്ന താരമായ ജുലന്‍ ഗോസ്വാമിയ്ക്ക്. എന്നാല്‍ ജുലന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. നോ ബോളുകളും സിംഗിളും ഓസ്ട്രേലിയയ്ക്ക് അനുകൂലമായി മാറി. അവസാന പന്തിലേക്ക് കളി എത്തിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സായിരുന്നു.

ജുലന്‍ എറിഞ്ഞ പന്തില്‍ നിക്കോള കാരി ക്യാച്ച് ഔട്ട്. ഓസ്ട്രേലിയയുടെ വിജയക്കുതിപ്പിന് ഇന്ത്യ തടയിട്ടെന്ന് കമന്റേറ്റര്‍മാര്‍ അലറി വിളിച്ചു. മൈതാനത്ത് ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് പിന്നീട് മൈതാനം സാക്ഷ്യം വഹിച്ചത്. ജുലന്‍ എറിഞ്ഞ പന്തും നോബോള്‍ ആണെന്ന് അമ്പയര്‍ വിധിച്ചു.

ഇതോടെ ഓസ്ട്രേലിയയ്ക്ക് ജീവശ്വാസം ലഭിച്ചു. ഒപ്പം ഒരു റണ്‍സും. ഇന്ത്യയുടെ സകല ആവേശവും കെടുത്തി അവസാന പന്തില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സെന്ന തീരുമാനം എത്തി. ക്ലൈമാക്സിലെ ട്വിസ്റ്റില്‍ രണ്ട് റണ്‍ ഓടിയെടുത്ത് കാരിയും മൂണിയും ചേര്‍ന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ വിജയക്കുതിപ്പിനും പുതുജീവന്‍. തുടര്‍ച്ചയായ 26-ാം ജയം.

133 പന്തില്‍ 125 റണ്‍സുമായി പുറത്താകാതെ നിന്ന ബേത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. തകര്‍ച്ചയില്‍ നിന്നും കരയറ്റാന്‍ ബെത്തിനൊപ്പം ഉണ്ടായിരുന്ന തഹ്ലിയ മഗ്രാത്ത് 77 പന്തില്‍ 74 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി മേഘ്ന സിംഗും ജുലന്‍ ഗോസ്വാമിയും പൂജ വസ്ത്രകാറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. 84 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനവുമായി 44 റണ്‍സ് നേടിയ റിച്ച ഘോഷിനൊപ്പം ചേര്‍ന്നാണ് സ്മൃതി ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ഏഴാം വിക്കറ്റില്‍ പൂജ വസ്ത്രകാറും ജുലന്‍ ഗോസ്വാമിയും ചേര്‍ന്ന് സൃഷ്ടിച്ച ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പും ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കാന്‍ സഹായിക്കുന്നതായിരുന്നു.

 

You Might Also Like