വിമര്‍ശകരുടെ കരണത്തടിച്ച് വാര്‍ണര്‍ താണ്ഡവം, കൂറ്റന്‍ ജയവുമായി ഓസീസ് സെമിയ്ക്ക് തൊട്ടടുത്ത്

ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ നിലംപരിശാക്കി ടി20 ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണറുടേയും മിച്ചല്‍ മാര്‍ഷിന്റേയും ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിനെ ഓസ്‌ട്രേലിയ തകര്‍ത്തത്.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 22 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ഡേവിസ് വാര്‍ണറും മിച്ചല്‍ മാര്‍ഷും അര്‍ധസെഞ്ച്വറി നേടി.

വാര്‍ണര്‍ 56 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 89 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഫോമില്ലായിമ മൂലം ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദില്‍ നിന്ന് ദുരനുഭവം നേരിട്ട വാര്‍ണറുടെ തകര്‍പ്പന്‍ തിരിച്ചുവരവായി മാറി ഈ മത്സരം. മാര്‍ഷാകാട്ടെ 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സെടുത്തു. സ്‌കോര്‍ സമനിലയായതിന് പിന്നാലെ ഗെയിലിന്റെ പന്തില്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് പുറത്തായത്. നായകന്‍ ആരോണ്‍ ഫിഞ്ച് ഒന്‍പത് റണ്‍സെടുത്ത് പുറത്തായി.

വിജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തുളള ഓസ്‌ട്രേലിയ നെറ്റ് റണ്‍റേറ്റ് വീണ്ടും ഉയര്‍ത്തി. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനല്‍ തോല്‍പിച്ചാല്‍ മാത്രമേ ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സെമി പ്രതീക്ഷയുളളു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി 31 പന്തില്‍ 44 റണ്‍സെടുത്ത നായകന്‍ പൊള്ളാര്‍ഡാണ് ടോപ് സ്‌കോറര്‍. എവിന്‍ ലെവിസ് 29ഉം ക്രിസ് ഗെയില്‍ 15ഉം ഹിറ്റ്‌മേയര്‍ 27ഉം റണ്‍സെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാന മത്സരം കളിച്ച ഡ്വെയ്ന്‍ ബ്രാവോ 10 റണ്‍സെടുത്ത് പുറത്തായി.

ഓസ്‌ട്രേലിയക്കായി നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി ജോഷ് ഹസില്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാത്ത് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

You Might Also Like