അശ്വിന്‍ മങ്ങിയയിടത്ത് രക്ഷകനായി ജഡേജ, ഓസീസിനെ പിടിച്ചുകെട്ടി ടീം ഇന്ത്യ

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 338 റണ്‍സിന് പുറത്ത്. സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റേയും 91 റണ്‍സെടുത്ത ലുബുഷെയ്‌ന്റേയും ബാറ്റിംഗ് മികവാണ് പരമ്പരയില്‍ ആദ്യമായി ഓസ്‌ട്രേലിയയെ 300 കടക്കാന്‍ സഹായിച്ചത്.

സ്റ്റീവ് സ്മിത്ത് 226 പന്തില്‍ 16 ബൗണ്ടറി സഹിതം 131 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ കരിയറിലെ 27ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് പൂര്‍ത്തിയാക്കിയത്. ഏറ്റവും അവസാനം ജഡേജയുടെ നേരിട്ടുളള ഏറില്‍ റണ്ണൗട്ടായാണ് സ്മിത്ത് പുറത്തായത്. 196 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് ലുബ്‌ഷെയന്‍ 91 റണ്‍സെടുത്തത്.

മാത്യു വെയ്ഡ് (13), കാറൂണ്‍ ഗ്രീന്‍ (0), ടിം പെയ്ന്‍ (1), പാറ്റ് കമ്മിന്‍സ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (24), നഥാന്‍ ലയോണ്‍ (0) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സംഭാവന.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. 18 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ജഡേജ ലുബുഷെയ്‌ന്റെ അടക്കമുളളവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഭുംറയും സൈനിയും രണ്ടും സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. 24 ഓവര്‍ എറിഞ്ഞെങ്കിലും അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല.

രണ്ടിന് 166 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി മൂന്നാം വിക്കറ്റില്‍ സ്മിത്തും ലുബ്‌ഷെയ്‌നും 100 റണ്‍സിന്റെ കൂട്ടകെട്ടാണ് ഉയര്‍ത്തിയത്. ഇതോടെ ഓസ്‌ട്രേലിയ വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയുടെ വലിയ സ്‌കോര്‍ മോഹം തടയുകയായിരുന്നു.