ബോക്‌സിംഗ് ഡേയില്‍ ഓസീസിനെ എറിഞ്ഞിട്ട് ടീം ഇന്ത്യ, തീതുപ്പി ബൗളര്‍മാര്‍

Image 3
CricketTeam India

ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 195 റണ്‍സിന് പുറത്താക്കി ടീം ഇന്ത്യ. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ജസ്പ്രിത് ഭുംറയുടേയും രവിചന്ദ്ര അശ്വിന്റേയും മുഹമ്മദ് സിറാജിന്റേയും മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ചുരുട്ടികെട്ടയത്.

ഭുംറ നാലും അശ്വിന്‍ മൂന്നും ഇതാദ്യമായി ടെസ്റ്റ് കളിക്കുന്ന സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജയ്ക്കാണ് അവശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കായി 48 റണ്‍സെടുത്ത ലുബ്യുഷെയ്ന്‍ ആണ് ടോപ് സ്‌കോറര്‍.

ഓപ്പണര്‍ മാത്യൂ വെയ്ഡ് 30ഉം ട്രാവിസ് ഹെഡ് 38ഉം റണ്‍സെടുത്ത് പുറത്തായി. അതെസമയം മറ്റൊരു ഓപ്പണര്‍ ജോ ബേണ്‍സും സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും സംപൂജ്യരായാണ് മടങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ (12) നായകന്‍ ടിം പെയ്ന്‍ (13), പാറ്റ് കുമ്മിന്‍സന്‍ (9), മിച്ചല്‍ സ്റ്റാര്‍ക്ക് (7), നഥാന്‍ ലിയോണ്‍ (20) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഷമിയുടെ അഭാവത്തിലും ഇന്ത്യന്‍ ബൗണ്ടര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. നാലാം വിക്കറ്റില്‍ ലുബ്യുഷെയ്‌നും ട്രാവിസ് ഹെഡും 86 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതാണ് എടുത്ത് പറയാന്‍ പറ്റിയ നേട്ടം.

ഭുംറ 16 ഓവറില്‍ നാല് മെയ്ഡിനടക്കം 56 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനാകട്ടെ 24 ഓവറില്‍ ഏഴ് മെയ്ഡിനടക്കം 35 റണ്‍സ് മാത്രം വങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. അരങ്ങേറ്റ താരം സിറാണ് 15 ഓവറില്‍ നാല് മെയ്ഡിനടക്കം 40 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.