ഇനി ഇന്ത്യയുടെ ഗതി ഇതാകും, പോണ്ടിംഗിന്റെ പ്രവചനം അറംപറ്റുമോ

ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ നേടിയ വന്‍ വിജയം ആവര്‍ത്തിക്കുമെന്ന് മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിംഗ്. ഇന്ത്യക്കു മേല്‍ ഗുരുതരമായ മുറിവാണ് ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ സംഭവിച്ചിരിക്കുന്നതെന്നും ഇത് ഓസീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനിടയുണ്ടെന്നും പോണ്ടിംഗ് പ്രവചിക്കുന്നു.

മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്കു നല്ലൊരു ജയം നമുക്കു പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ തിരിച്ചുവന്ന് പരമ്പരയിലെ ഒരു ടെസ്റ്റ് ജയിക്കുകയെന്നത് വളരെ ദുഷ്‌കരമായി തീരുമെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. കോഹ്ലിയുടെ അഭാവം ഇന്ത്യക്കു കനത്ത ആഘാതമാണെന്നും അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിനു തിരിച്ചുവരിക കടുപ്പമായിരിക്കുമെന്നും പോണ്ടിങ് വിശദമാക്കി.

ഇന്ത്യക്കുറിച്ചു നമുക്ക് ഒരുപാട് പഠിക്കാന്‍ സാധിക്കും. കോഹ്ലി ഇല്ലാത്തതിനാല്‍ തന്നെ ഇതുപോലെയൊരു തോല്‍വിക്കു ശേഷം അവരെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുന്ന മറ്റാരുമില്ലെന്നും മുന്‍ ഓസീസ് നായകന്‍ അഭിപ്രായപ്പെട്ടു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. റിഷഭ് പന്ത് മധ്യനിരയില്‍ കളിക്കണം. കോഹ്ലിയില്ലാത്തതിനാല്‍ തന്നെ ഇന്ത്യക്കു ബാറ്റിങ് നിര ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനു പന്തും ടീമില്‍ വേണം. ശുഭ്മാന്‍ ഗില്ലിനെയും മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍െടുത്തണമെന്നും പോണ്ടിങ് നിര്‍ദേശിച്ചു. അടുത്ത വെല്ലുവിളിക്കു മാനസികമായും ഇന്ത്യ കരുത്തരാവേണ്ടതുണ്ട്. കാരണം ഓസ്ട്രേലിയക്കാര്‍ ഇനി വിട്ടുതരില്ല. കൂടുതല്‍ കരുത്തോടെ അടുത്ത ടെസ്റ്റില്‍ അവര്‍ ആഞ്ഞടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡേവിഡ് വാര്‍ണര്‍ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയാല്‍ യുവ താരം വില്‍ പ്യുകോസ്‌കിക്കു രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറാനാവില്ല. വാര്‍ണര്‍ തിരിച്ചെത്തിയാല്‍ കാമറോണ്‍ ഗ്രീന്‍, മാത്യു വെയ്ഡ് ഇവരില്‍ ആരെ പുറത്തിരുത്തുമെന്നതിനെക്കുറിച്ച് ഓസീസ് തീരുമാനിക്കണമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. രണ്ടാമിന്നിങ്സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ വന്‍ നാണക്കേട് നേരിട്ടിരുന്നു. ടെസ്റ്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്രയും ചെറിയ സ്‌കോറില്‍ ഇന്ത്യ പുറത്തായിട്ടില്ല. 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

You Might Also Like