കൂറ്റന്‍ പിഴ, കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് വെട്ടിക്കുറച്ചു, ഓസീസ് കനത്ത ശിക്ഷ

Image 3
CricketCricket News

ഇന്ത്യയ്‌ക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദയനീയമായി തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് കനത്ത ശിക്ഷ ശിക്ഷ വിധിച്ച് മാച്ച് റഫറി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ എല്ലാ താരങ്ങളുടെ മാച്ച് ഫീസില്‍ നിന്ന് 40 ശതമാനം തുകയാണ് പിഴയായി ഇടാക്കുക. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുടെ നാല് പോയന്റ് വെട്ടികുറക്കാനും മാച്ച് റഫറി ഉത്തരവിട്ടു.

നിശ്ചയിച്ച സമയത്തില്‍ നിന്ന് രണ്ട് ഓവറുകളാണ് ഓസ്‌ട്രേലിയ അധികമായി എടുത്തത്. ഐസിസി നിയമ പ്രകാരം അധിക സമയമെടുക്കുന്ന ഒരു ഓവറിന് കളിക്കാരുടെ 20 ശതമാനം ഫീസും രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റുമാണ് ശിക്ഷ.

ഐസിസി മാച്ച് റഫറിയും ഇന്ന് 60ാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്പയറുമായ ഡേവിഡ് ബൂണ്‍ ആണ് വിശിഷ്ട ദിവസത്തില്‍ ഓസ്‌ട്രേലിയക്ക് വലിയ ശിക്ഷ വിധിച്ചത്.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുടെ പോയന്റ് 322 ആയി കുറഞ്ഞു. അതെസമയം മെല്‍ബണ്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ 30 പോയന്റ് അധികം നേടി 390 പോയിന്റ് ആയി പട്ടികയുടെ തലപ്പത്താണ്. എന്നാല്‍ പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി റാങ്കിങ് നല്‍കിയിരിക്കുന്നത്. ഇതോണ് ഇന്ത്യയേക്കാള്‍ കുറഞ്ഞ പോയിന്റുള്ള ഓസ്ട്രേലിയക്കു ഒന്നാം സ്ഥാനത്ത് തന്നെ തുടരാം.

പോയിന്റിന്റെ ശതമാനം പരിശോധിച്ചാല്‍ 77.6 പോയിന്റ് നേടിയാണ് ഓസ്ട്രേലിയ ഒന്നാംസ്ഥാനമലങ്കരിക്കുന്നത്. 72.2 പോയിന്റുമായി ഇന്ത്യ അധികം പിന്നിലല്ലാതെ രണ്ടാംസ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് (62.5), ഇംഗ്ലണ്ട് (60.8), പാകിസ്താന്‍ (39.5) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.