ഇന്ത്യ കളിച്ചത് ഏഷ്യയിലെ ടോപ് ടീമുകളെപ്പോലെ, പ്രതിരോധം പൊളിക്കാൻ ബുദ്ധിമുട്ടിയെന്ന് ഓസ്‌ട്രേലിയൻ താരം

Image 3
Football News

എഎഫ്‌സി ഏഷ്യൻ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ പൊരുതിയെങ്കിലും തോൽവി വഴങ്ങുകയായിരുന്നു. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന നിരവധി താരങ്ങൾ അണിനിരക്കുന്ന ഓസ്‌ട്രേലിയയോട് താരതമ്യം ചെയ്യുമ്പോൾ ചെറിയ മീനായ ഇന്ത്യയെ മറികടക്കാൻ അവർ ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിന് ശേഷം ഓസ്‌ട്രേലിയൻ താരവും പരിശീലകനും അതേപ്പറ്റി സംസാരിക്കുകയും ചെയ്‌തു.

ഓസ്‌ട്രേലിയ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോൾ നേടിയ ഇർവിൻ പറഞ്ഞത് ഇന്ത്യ കളിച്ചത് ഏഷ്യയിലെ മികച്ച ടീമുകളെപ്പോലെയായിരുന്നു എന്നാണു. വളരെ മികച്ച രീതിയിൽ ഇന്ത്യ മത്സരത്തിൽ പ്രതിരോധിച്ചുവെന്നു പറഞ്ഞ അദ്ദേഹം ടീം അതിനു പ്രശംസ അർഹിക്കുന്നുവെന്നും തങ്ങൾ വളരെയധികം ബുദ്ധിമുട്ടിയെന്നും കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ പരിശീലകനായ ഗ്രഹാം അർണോൾഡും ഇന്ത്യ പ്രശംസ അർഹിക്കുന്നുണ്ടെന്ന് മത്സരത്തിന് ശേഷം പറഞ്ഞു. ഓസ്‌ട്രേലിയക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും അതിനെയെല്ലാം ഇന്ത്യ ഇല്ലാതാക്കിയെന്നും മികച്ച രീതിയിൽ പരിശീലനം ലഭിച്ച ടീമാണെന്ന് അവർ തെളിയിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ആശംസകളും അദ്ദേഹം നേർന്നു.

ഓസ്‌ട്രേലിയക്കെതിരെ ആദ്യപകുതിയിൽ ഗോളൊന്നും വഴങ്ങാതിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾക്കാണ് ഏഷ്യൻ കപ്പിൽ തോൽവി വഴങ്ങിയത്. അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. അതിനു ശേഷം സിറിയയെയും ഇന്ത്യ നേരിടും. അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞാൽ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്യും.