ഓസീസ് ടീമില്‍ കൊട്ടാര വിപ്ലവം, കോച്ചിനെ പുറത്താക്കാന്‍ ഒരുങ്ങി താരങ്ങള്‍

Image 3
CricketCricket News

ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ രൂക്ഷമായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കോച്ച് ജസ്റ്റിന്‍ ലാംഗര്‍ക്കെതിരെയാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ലാംഗറുടെ പരിശീലന ശൈലിയ്‌ക്കെതിരേയാണ് കളിക്കാര്‍ വാളെടുത്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിലാണ് താരങ്ങള്‍ തങ്ങളുടെ അസംതൃപ്തി തുറന്നു പറഞ്ഞിരിക്കുന്നത്. ലാംഗറുടെ കോച്ചിങ് സ്റ്റൈല്‍ ടീമിലെ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോണിങ് ഹെറാള്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെട്ട 40 അംഗ സംഘം ഒറ്റക്കെട്ടായാണ് കോച്ചിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും റിവ്യൂ മീറ്റിങില്‍ ഇക്കാര്യങ്ങള്‍ എല്ലാവരും തുറന്നടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നഷ്ടപ്പെട്ടതോടെയാണ് ലാംഗറിന്റെ പരിശീലന രീതികളില്‍ താരങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയത്. നിലവില്‍ പരിശീലക സ്ഥാനത്ത് പുതിയ കരാര്‍ നല്‍കാന്‍ ഇരിക്കെയാണ് ലാംഗറെ വെട്ടിലാക്കി താരങ്ങളുടെ എതിരഭിപ്രായം പുറത്തു വന്നിരിക്കുന്നത്.

2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ അന്നത്തെ പരിശീലകന്‍ ഡാരന്‍ ലേമാനെ പുറത്താക്കിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ മുന്‍ ടെസ്റ്റ് ഓപണര്‍ കൂടിയായ ലാംഗര്‍ക്ക് ടീമിന്റെ പരിശീലക സ്ഥാനം വച്ചുനീട്ടിയത്. താരങ്ങള്‍ എതിരായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള ലാംഗറിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കരാര്‍ നീട്ടുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം എടുക്കുക.