പ്രീക്വാര്‍ട്ടര്‍, കട്ടകലിപ്പില്‍ അര്‍ജന്റീനയും ഓസ്‌ട്രേലിയയും, അതൃപ്തി പരസ്യമാക്കി

ലോകകപ്പ് ഫുട്‌ബോള്‍ മത്സര സമയ ക്രമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അര്‍ജന്റീനയും ഓസ്‌ട്രേലിയയും. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനൊരുങ്ങാന്‍ മതിയായ സമയമില്ലെന്നാണ് അര്‍ജന്റീനയും ഓസ്‌ട്രേലിയയും പരാതിപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച്ച രാത്രിയാണ് അര്‍ജന്റീന – ഓസ്‌ത്രേലിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അര്‍ജന്റീന – പോളണ്ട് ഗ്രൂപ്പ് മത്സരം അവസാനിച്ചത്. അതിന് തൊട്ടുമുന്‍പ് ഓസ്‌ത്രേലിയയും അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങി. ഈ രണ്ട് ടീമുകള്‍ക്കും നാളെ പ്രീക്വാര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടണം. ഇതിനെതിരെയാണ് അര്‍ജന്റീനയും ഓസ്‌ത്രേലിയയും രംഗത്തെത്തിയത്.

ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടയില്‍ നാല് ദിവസം ഇടവിട്ടായിരുന്നു മത്സരം. പ്രീക്വാര്‍ട്ടറായപ്പോള്‍ ഇത് രണ്ട് ദിനം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

രണ്ടര ദിവസത്തിനിടയില്‍ മത്സരത്തിന് ഇറങ്ങേണ്ടി വരുന്നതിനെ അര്‍ജന്റീന പരിശീലകന്‍ വിമര്‍ശിച്ചു. താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ അധിക സമയം വേണമായിരുന്നുവെന്ന് സ്‌കലോണി പറഞ്ഞു. ഗ്രൂപ്പില്‍ ഒന്നാമതായി പ്രീക്വാര്‍ട്ടറിലെത്തിയ ശേഷം രണ്ടര ദിവസം മാത്രമാണ് താരങ്ങള്‍ക്ക് വിശ്രമത്തിന് ലഭിച്ചത്. ഇത് ശരിയല്ലെന്ന് സ്‌കലോണി പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് – പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കിടയില്‍ നാല് ദിവസത്തെ ഇടവേളയുണ്ടായിരുന്നു.

താരങ്ങള്‍ക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്ന് ഒസ്‌ത്രേലിയന്‍ സഹപരിശീലകന്‍ റെനേ മുളെന്‍സ്റ്റീന്‍ തുറന്ന് പറഞ്ഞു. താരങ്ങള്‍ റോബോട്ടുകളല്ലെന്നായിരുന്നു പ്രതിരോധതാരം മിലോസ് ഡിഗെനിക്കിന്റെ പ്രതികരണം.

You Might Also Like