താണ്ഡവം തുടര്‍ന്ന് ലബുഷെയ്ന്‍, കൂടെ ഹെഡും, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയയുടെ മേല്‍ കൈ. സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിന് കീഴിലിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 89 ഓവറില്‍ മൂന്ന് വിക്കറ്റിന് 330 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറികളുമായി മാര്‍നസ് ലബുഷെയ്നും ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

അതെസമയം കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ന് പൂജ്യത്തില്‍ പുറത്തായി. ഡേവിഡ് വാര്‍ണര്‍ (21), ഉസ്മാന്‍ ഖ്വാജ (62 ) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്നിംഗ്സിലെ 9-ാം ഓവറില്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ മടങ്ങിയെങ്കിലും ഉസ്മാന്‍ ഖ്വാജ-മാര്‍നസ് ലബുഷെയ്ന്‍ സഖ്യം ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരുടേയും കൂട്ടുകെട്ട് 42-ാം ഓവറില്‍ ദേവോണ്‍ തോമസ് പിരിക്കും വരെ നീണ്ടു. 129 പന്തില്‍ 62 റണ്‍സുമായി ഖവാജ എല്‍ബിയിലാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ നഷ്ടമായി. എട്ട് പന്തില്‍ അക്കൗണ്ട് തുറക്കാതിരുന്ന സ്മിത്തിനെ ജോസന്‍ ഹോള്‍ഡര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

എന്നാല്‍ അവിടുന്നങ്ങോട്ട് ഓസീസ് ഇന്നിംഗ്സിനെ സെഞ്ചുറി കൂട്ടുകെട്ടുമായി നയിക്കുകയാണ് മാര്‍നസ് ലബുഷെയ്നും ട്രാവിഡ് ഹെഡും. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ലബുഷെയ്ന് 235 പന്തില്‍ 11 ബൗണ്ടറികളോടെ 120* ഉം ഹെഡിന് 139 പന്തില്‍ 12 ബൗണ്ടറികളോടെ 114* റണ്‍സുമുണ്ട്.

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ലബുഷെയ്നും സ്മിത്തും ഒന്നാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറികള്‍ നേടിയിരുന്നു. അന്ന് ഹെഡ് 99ല്‍ പുറത്തായി. രണ്ടാം ഇന്നിംഗ്സിലും ലബുഷെയ്ന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ആദ്യ ടെസ്റ്റ് 164 റണ്‍സിന് വിജയിച്ച ഓസീസ് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്.

 

You Might Also Like