10 കോടി ബംപറടിച്ചപ്പോള്‍ വിമാനത്തില്‍, അറിഞ്ഞപ്പോള്‍ തരിച്ചിരുന്നുപ്പോയി, തുറന്ന് പറഞ്ഞ് യുവതാരം

Image 3
CricketIPL

ഐപിഎല്‍ മെഗാ താരലേലത്തില്‍ തന്റെ പേര് പരിഗണിക്കപ്പെടുമ്പോള്‍ ടീം ഇന്ത്യയ്‌ക്കൊപ്പം വിമാനയാത്രയിലായിരുന്നു ആവേശ് ഖാന്‍. ഇതോടെ 10 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയപ്പോള്‍ ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആവേശ് ഖാനു ഭാഗ്യമുണ്ടായില്ല.

ലേലത്തിനായി പേരു പരിഗണിക്കുമ്പോള്‍, വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ടീം ഇന്ത്യയ്‌ക്കൊപ്പം അഹമ്മദാബാദില്‍നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു ആവേശ്. കുറഞ്ഞത് 7 കോടി രൂപയെങ്കിലും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായി താരലേലത്തിനു ശേഷം ആവേശ് ഖാന്‍ പറഞ്ഞു.

‘ലേലത്തില്‍ പേരു പരിഗണിച്ച സമയത്ത് ഞാന്‍ വിമാനത്തിലായിരുന്നു. 7 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. വിമാനത്തില്‍ ആയതിനാല്‍ ലേല നടപടികള്‍ തത്സമയം കാണാനായില്ല. ഏതു ടീമാകും എന്നെ വാങ്ങുക എന്നും എത്ര തുക ലഭിക്കുമെന്നോര്‍ത്തും ആശങ്ക ഉണ്ടായിരുന്നു’ ആവേശ് ഖാന്‍ പറഞ്ഞു.

‘വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ലഖ്‌നൗവാണ് എന്നെ സ്വന്തമാക്കിയതെന്നും 10 കോടി രൂപ പ്രതിഫലമായി ലഭിച്ചെന്നും മനസ്സിലാക്കുന്നത്. 5 സെക്കന്‍ഡ് സമയത്തേക്ക് ഞാന്‍ ഞെട്ടിത്തരിച്ചു പോയി. പിന്നീടു കാര്യങ്ങളെല്ലാം പഴയപടി ആയതായി തോന്നുകയും ചെയ്തു’ ആവേശ് കൂട്ടിചേര്‍ത്തു.

വിമാനയാത്രയിലുടനീളം ഇഷന്‍ കിഷനും മുഹമ്മദ് സിറാജും എന്നെ കളിയാക്കിക്കൊണ്ടേയിരുന്നു. എനിക്കു ലഭിച്ചേക്കാവുന്ന വില, സ്വന്തമാക്കാന്‍ സാധ്യതയുള്ള ടീമുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. ലാന്‍ഡിങ്ങിനു പിന്നാലെ, വെങ്കിടേഷ് അയ്യരാണ് എന്നോടു വിവരം പറഞ്ഞത്. വിമാനത്തലുണ്ടായിരുന്ന സഹ താരങ്ങളെല്ലാം എനിക്കുവേണ്ടി കയ്യടിച്ചു. എന്നും മനസ്സിനോടു ചേര്‍ത്തുവയ്ക്കുന്ന നിമിഷമാണത്. മൊബൈല്‍ ഫോണ്‍ റേഞ്ചിലായതോടെ എനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകളും വാട്‌സാപ് സന്ദേശങ്ങളും ലഭിച്ചുതുടങ്ങി’ ആവേശ് ഖാന്റെ വാക്കുകള്‍.