; )
അടുത്തിടെയാണ് സൂപ്പർതാരം ഒബമയാങ് ആഴ്സണലുമായി തന്റെ കരാർ പുതുക്കിയത്. ഒബാമയാങിനായി പല യൂറോപ്യൻ വമ്പന്മാരിൽ നിന്നും ഓഫറുകൾ ലഭിച്ചിരുവെങ്കിലും അദ്ദേഹം അതെല്ലാം തള്ളികളഞ്ഞു കൊണ്ടാണ് പീരങ്കിപ്പടക്കൊപ്പം ചേരാൻ തീരുമാനിച്ചത്. രണ്ട് വമ്പൻ ക്ലബുകളിൽ നിന്ന് തനിക്ക് ഓഫർ വന്നിരുന്നതായും അതിലൊന്ന് ബാഴ്സയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഒബാമയാങ്.
ആഴ്‌സണലിനോടുള്ള അടിയുറച്ച ബന്ധം കൊണ്ടാണ് താൻ മറ്റുള്ള ക്ലബുകളോട് മുഖംതിരിച്ചതെന്നാണ് ഒബമയാങ്ങിന്റെ വെളിപ്പെടുത്തൽ.ഒന്നാമതായി പരിശീലകൻ മൈക്കൽ അർട്ടെറ്റയും രണ്ടാമതായി ഇവിടുത്തെ ആരാധകരുടെ സ്നേഹവുമാണ് ആഴ്സണലിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചതെന്നാണ് താരം വ്യക്തമാക്കിയത്.
” നിരവധി ഓഫറുകൾ വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതെന്നു പറയാവുന്നത് ബാഴ്‌സയുടേതായിരുന്നു. മറ്റു പല ക്ലബുകളിൽ നിന്നും ഓഫർ വന്നിരുന്നു. അതെല്ലാം ഞാൻ നിരസിക്കുകയായിരുന്നു. ഞാൻ ഇവിടെ തുടരാൻ തീരുമാനിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുണ്ടായിരുന്നത് . ഒന്നാമത്തേത് പരിശീലകൻ അർട്ടെറ്റയാണ്. ലോക്ക്ഡൗൺ സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹം ആഴ്‌സണലിന്റെ പ്രൊജക്റ്റ് വിശദീകരിച്ചു തന്നു കൊണ്ട് എന്നെ ബോധവാനാക്കി ”
” രണ്ടാമതായി ഇവിടുത്തെ ക്ലബ്ബിന്റെ സ്റ്റാഫുകളിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹമാണ്. എല്ലാവരും എന്നെ അവരിൽ ഒരാളായാണ് കാണുന്നത്. ഞാൻ അവർക്ക് സ്വന്തമാണ്. ലളിതമായി പറഞ്ഞാൽ ഇവിടെ പിടിച്ചു നിർത്തുന്നതും. ഈ രണ്ട് കാര്യങ്ങൾ തന്നെയാണ്. ” ഒബമയാങ് അഭിമുഖത്തിൽ വ്യക്തമാക്കി.