ആ താരത്തെ കിട്ടുന്നത് ഏതൊരു ക്ലബ്ബിനും ഭാഗ്യമാണെന്ന് ഒബമയാങ്‌, ആഴ്‌സണൽ രണ്ടാമത്തെ ഓഫറിനൊരുങ്ങുന്നു

Image 3
EPLFeaturedFootball

ആഴ്‌സണൽ ക്യാപ്റ്റനായ പിയറി എമെറിക് ഒബമയാങ്ങിനു ലിയോൺ താരത്തെ വളരെവേഗം ക്ലബ്ബിലെത്തിക്കാൻ നടപടിയുണ്ടാവണമെന്ന പക്ഷക്കാരനാണ്. ഫ്രഞ്ച് മധ്യനിരതാരം ഹൗസം ഔവാറിനെ ലണ്ടനിലെത്തിക്കാൻ ആഴ്‌സണൽ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഓഫർ ലിയോൺ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ആഴ്‌സണൽ നായകനായ ഒബമയാങിന്റെ അഭിപ്രായത്തിൽ ഔവാർ ഒരു മികച്ച താരമാണെന്നാണ്. ഇത്തരത്തിലുള്ള കഴിവുള്ള താരങ്ങളെ ആഴ്സണലിന്‌ സ്വന്തമാക്കാൻ കഴിഞ്ഞാൽ ഭാഗ്യമായിരിക്കുമെന്നാണ് ഒബാമയാങിന്റെ പക്ഷം. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ്‌ലീഗിൽ ലിയോണിനായി മധ്യനിരയിലെ നെടുംതൂണായിരുന്ന താരമാണ് ഈ ഇരുപത്തിരണ്ടുകാരൻ. താരത്തെക്കുറിച്ച് മിററിനോട് സംസാരിക്കുകയായിരുന്നു ഒബാമയാങ്‌.

” അദ്ദേഹം വളരെ മികച്ച താരമാണ്, എനിക്ക് തോന്നുന്നത് ഇത്തരത്തിലുള്ള താരങ്ങളെ ക്ലബ്ബിനു കിട്ടുന്നത് വളരെ വലിയ ഭാഗ്യമായിട്ടാണ്. എനിക്കുറപ്പുണ്ട് അദ്ദേഹത്തിനു ഈ ക്ലബ്ബിനു വേണ്ടി പലതും ചെയ്യാനാവുമെന്ന്. ഇപ്പോൾ ലിയോണിലാണെങ്കിലും അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ഇവിടേയ്ക്ക് വരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ” ഒബാമയാങ്‌ ഔവാറിനെക്കുറിച്ച് പറഞ്ഞു.

അടുത്തിടെ ഒബമയാങ്ങും ആഴ്സനലിനൊപ്പം കരാർ പുതുക്കിയിരുന്നു. ഔവാറിനായി ആഴ്‌സണൽ മുന്നോട്ടുവെച്ച 32 മില്യൺ യൂറോയുടെ ഓഫർ ലിയോൺ നിരസിച്ചിരുന്നു. എങ്കിലും ആഴ്‌സണൽ താരത്തെ കൈവിടാനൊരുക്കമല്ലെന്നാണ് റിപ്പോർട്ടുകൾ. 45 മില്യണിൽ കുറയാതെ താരത്തിനെ കിട്ടില്ലെന്ന്‌ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ലിയോൺ പ്രസിഡന്റ് ജീൻ മൈക്കൽ ഓലസ്. കൂടുതൽ മികച്ച ഓഫറുമായി വീണ്ടും താരത്തിനായി സമീപിക്കാനിരിക്കുകയാണ് ആഴ്‌സണൽ.