വീരോചിതം, നീലപ്പടയെ തകർത്ത് പീരങ്കികൾക്ക് എഫ്എ കപ്പ്‌

Image 3
FeaturedFootball

സൂപ്പർ താരം ഒബമയാങിന്റെ ഇരട്ടഗോൾ പ്രകടനത്തോടെ ഒരിക്കൽ കൂടി എഫ്എ കപ്പ് കിരീടം ആഴ്‌സണലിന്റെ ഷെൽഫിലെത്തിയിരിക്കുകയാണ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആഴ്‌സണൽ ചെൽസിയെ തകർത്ത് കിരീടം ചൂടിയത്.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ആഴ്‌സണലിന്റെ വീരോചിതമായ തിരിച്ചു വരവ്. ഇത് ഇതോടെ ഏറ്റവും കൂടുതൽ എഫ്എ കപ്പ് കിരീടം നേടിയ ക്ലബ്‌ എന്ന റെക്കോർഡ് ഇനി ആഴ്‌സണലിന് സ്വന്തമാണ്. പതിനാലാം തവണയാണ് പീരങ്കിപ്പട എഫ്എ കിരീടം ചൂടുന്നത്.

രണ്ടു ടീമുകളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അതേസമയം റഫറിയുടെ ചില തീരുമാനങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തു. ഒലിവർ ജിറൂദിനെയായിരുന്നു ലംപാർഡ് ഗോളടി ചുമതല ഏൽപ്പിച്ചത്. മറുഭാഗത്ത് ലാക്കസാട്ടയും അണിനിരന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച നീലപ്പട ഗോൾ കണ്ടെത്തുകയായിരുന്നു. അതിവേഗ നീക്കത്തിനൊടുവിൽ ജിറൂദിന്റെ പാസിൽ നിന്ന് പുലിസിച്ചാണ് ഗോൾ നേടിയത്. പിന്നീടും ചെൽസി തന്നെ ആധിപത്യം പുലർത്തി.

എന്നാൽ പതിയെ കളിയിലേക്ക് തിരിച്ചു വന്ന ആഴ്‌സണൽ സമനില ഗോൾ നേടാൻ അധികം വൈകിയില്ല. ഒബമയാങിനെ ആസ്‌പിലിക്കേറ്റ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഒബമയാങ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 67-ആം മിനുട്ടിലാണ് ഒബമയാങ് വിജയഗോൾ നേടിയത്. പെപെ നൽകിയ ബോൾ പ്രതിരോധത്തെ കബളിപ്പിച്ച് അതിമനോഹരമായി താരം ഫിനിഷ് ചെയ്യുകയായിരുന്നു. സൂപ്പർ താരം പുലിസിച്ച് പരിക്കു പറ്റി പുറത്തു പോയതും 73-ആം മിനുട്ടിൽ കൊവസിച്ച് രണ്ടാം മഞ്ഞകാർഡു കണ്ട് പത്തു പേരായി ചുരുങ്ങിയതും ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു .