കോടികള്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കി സൂപ്പര്‍ താരത്തെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബ്രാഡ് ഇന്മാനെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ബഗാന്‍. എ ലീഗ് ക്ലബ് ബ്രിസ്ബണ്‍ റോറില്‍ നിന്നുമാണ് ഇന്മാനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. ട്രാന്‍സ്ഫര്‍ ഫീസ് നല്‍കിയാണ് എടികെ മോഹന്‍ ബഗാന്‍ ബിസ്ബണ്‍ റോറില്‍ നിന്നും ഇന്മാനെ സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഒരു വര്‍ഷം കൂടി ബ്രിസ്ബണ്‍ റോറില്‍ കരാറുളള താരമായതിനാലാണ് ഇന്മനെ എടികെ മോഹന്‍ ബഗാന് ട്രാന്‍സ്ഫര്‍ ഫീസ് നല്‍കേണ്ടി വന്നത്. ഇതോടെ എടികെ മോഹന്‍ ബഗാന്റെ വിദേശ സൈനിംഗുകളെല്ലാം പൂര്‍ത്തിയായി.

സെന്‍ട്രല്‍ മിഡ്ഫീള്‍ഡിലും വിങ്ങുകളിലും കളിക്കാന്‍ കഴിവുള്ള ബ്രാഡ് ഇന്മാന്‍ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ്. തുടര്‍ന്ന് നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കായി താരം ബൂട്ട് കെട്ടി. കഴിഞ്ഞ സീസണിലാണ് ഇദ്ദേഹം ഇംഗ്ലീഷ് ക്ലബ് റോച്‌ഡെയ്‌ലില്‍ നിന്നും എ-ലീഗ് ക്ലബ് ആയ ബ്രിസ്‌ബൈന്‍ റോറില്‍ എത്തുന്നത്.

കഴിഞ്ഞ സീസണില്‍ അവര്‍ക്കായി 25 മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകളും ആറു അസിസ്റ്റുകളും നേടിയിരുന്നു. മുമ്പ് യുവതലത്തില്‍ സ്‌കോട്‌ലാന്‍ഡ് ദേശീയ ടീമിനായും ഈ ഇരുപത്തിയെട്ടുകാരന്‍ കളിച്ചിട്ടുണ്ട്. ഇതോടെ ഓസീസ് ലീഗില്‍ നിന്നെത്തുന്ന ആറാമത്തെ താരമായി മാറി ഇന്മാന്‍.