ബ്ലാസ്‌റ്റേഴ്‌സിനായി ആ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചു, വിധി അവരെ ഒന്നിപ്പിച്ചത് മറ്റൊരു ടീമില്‍

Image 3
FootballISL

ഇന്ത്യന്‍ താരവും ബ്ലാസ്റ്റേഴ്‌സ് നായകനുമായിരുന്ന സന്ദേഷ് ജിങ്കന് എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പിട്ടതോടെ വിധി കാത്ത് വെച്ചത് മറ്റൊരു യാദൃച്ഛികരയ്ക്ക്. സ്പാനിഷ് താരം തിരിയോടപ്പമായിരിക്കും എടികെ മോഹന്‍ ബഗാനില്‍ ജിങ്കന്‍ പ്രതിരോധകോട്ട കാക്കുക എന്നതാണ് അത്.

നേരത്തെ തിരിയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടാന്‍ താന്‍ കാത്തിരുക്കയാണെന്ന് സന്ദേഷ് ജിങ്കന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട തിരി പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് എടികെയിലേക്ക് കൂടുമാറിയിരുന്നു.

അതിന് പിന്നാലെയാണ് ജിങ്കന്‍ ബ്ലാസ്്‌റ്റേഴ്‌സ് വിട്ടതും ഇപ്പോള്‍ എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പുവെച്ചതും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സില്‍ തിരിയും ജിങ്കനും ഒരുമിച്ച് പന്ത് തട്ടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ആ കാഴ്ച്ച എടികെ മോഹന്‍ ബഗാനില്‍ കാണേണ്ടി വരും എന്ന ആന്‍ഡി ക്ലൈമാക്‌സ് ആണ് സംഭവിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കാണ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനുമായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒരു കോടി 65 ലക്ഷം രൂപ പ്രതിവര്‍ഷം വേതനം പറ്റിയാണ് ഹബാസിന് കീഴില്‍ ജിങ്കന്‍ കളിക്കുക. കേരള ബ്ലാസ്്‌റ്റേഴ്‌സിനായി ആറ് സീസണില്‍ പന്ത് തട്ടിയ താരമാണ് ജിങ്കന്‍.

തിരിയാകട്ടെ ഒരു വര്‍ഷത്തേക്കാണ് എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ധാരണയായത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത് തിരിയും ക്ലബും തമ്മില്‍ ഇടയാനിടയാക്കി. ഇതോടെയാണ് സ്പാനിഷ് പ്രതിരോധ താരം ക്ലബ് വിടാന്‍ തീരുമാനിച്ചത്.