ലയിച്ചിട്ടും ചേരാതെ എടികെ-മോഹന്‍ബഗാന്‍, പ്രതിഷേധം കത്തുന്നു, ജെഴ്‌സി മാറ്റിയേക്കും

ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ എടികെയും തമ്മിലുളള ലയനത്തിന് പിന്നാലെ ടീമിന്റെ പേരും ജഴ്‌സിയും ലോഗോയും പുറത്ത് വന്നിരുന്നല്ലോ. രണ്ട് ക്ലബിന്റെയും പേര് ഉള്‍ക്കൊള്ളിച്ച് എടികെ-മോഹന്‍ ബഗാന്‍ എന്നാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ ബാഗന്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തും വിധം ടീമിന്റെ ജെഴ്സി മോഹന്‍ ബഗാന്റെ പച്ചയും മെറൂണും നിറത്തിലുള്ളത് തന്നെയാണ്. കൂടാതെ മോഹന്‍ ബഗാന്റെ ലോഗോയിലും കാര്യമായ മാറ്റമില്ല. ലോഗോയില്‍ എടികെ എന്ന് കൂടി ചേര്‍ക്കും എന്ന് മാത്രം.

ഇതോടെ എടികെ ആരാധകരില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലയനത്തില്‍ എടികെയെ പൂര്‍ണ്ണമായി അവഗണിച്ചെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. എടികെയുമായുളള ആത്മബന്ധം ഉപേക്ഷിക്കുകയാണെന്ന് വരെ അവരുടെ ഫാന്‍സ് ഗ്രൂപ്പുകളില്‍ നിരവധി ആരാധകര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇതോടെ നിലപാടില്‍ അയവ് വരുത്തി എടികെ-മോഹന്‍ ബഗാന്‍ ഉടമ സഞ്ജയ് ഗോയങ്ക രംഗത്തെത്തി. ഹോം മത്സരത്തിലെ ജെഴ്‌സി മാത്രമായിരിക്കും ബഗാന്റെ പച്ചയും മെറൂണും നിറത്തിലുള്ളതെന്നും എവേ മത്സരങ്ങളില്‍ എടികെയുടെ ചുവപ്പും വെള്ളയും കലര്‍ന്ന ജഴ്‌സി ടീം അണിയുന്നത് പരിഗണിക്കുമെന്നാണ് സഞ്ജയ് ഗോയങ്കയുടെ വാഗ്ദാനം. എന്നാല്‍ സഞ്ജയുടെ ഈ വാഗ്ദാനം കൊണ്ടൊന്നും പ്രതിഷേധക്കാര്‍ തണുക്കുമെന്ന് തോന്നുന്നില്ല.

രണ്ട് മാസം മുമ്പാണ് ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ ഐ ലീഗ് കിരീടം സ്വന്തമാക്കിയ മോഹന്‍ ബഗാനും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. എടികെ കൊല്‍ക്കത്തയുടെ ഉടമകളായ ആര്‍പിഎസ്ജി ഗ്രൂപ്പ് മോഹന്‍ ബഗാനെ വാങ്ങിയതോടെയാണ് രണ്ട് ക്ലബുകളും ഒരൊറ്റ ക്ലബായി മാറാന്‍ തീരുമാനിച്ചത്.

ലയനത്തിന് ശേഷമുളള ബോര്‍ഡ് അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ആദ്യ മീറ്റിംഗും ഇന്ന് നടത്തി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഈ മീറ്റിംഗില്‍ പങ്കെടുത്തു. എടികെയുടെ സഹഉടമായയിരുന്ന ഗാംഗുലി തന്നെയാകും എടികെ മോഹന്‍ ബഗാന്റെയും തലവന്‍.

You Might Also Like