മറ്റൊരു വന്‍ താരം കൂടി എടികെയിലേക്ക്, 7 വിദേശ താരങ്ങളെ തികച്ച് മോഹന്‍ ബഗാന്‍

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണില്‍ വന്‍ ഒരുക്കങ്ങളുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. ഐറിഷ് സൂപ്പര്‍ താരം അന്റണി ക്രിസ്റ്റഫര്‍ സ്റ്റോക്‌സിനെ ടീമിലെത്തിക്കാനാണ് എടികെ മോഹന്‍ ബഗാന്‍ ശ്രമിക്കുന്നത്. വിവിധ ഐറിഷ്, ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

32കാരനായ ഈ സ്‌ട്രൈക്കര്‍ അയര്‍ലന്‍ഡ് ദേശീയ ടീമില്‍ വരെ കളിച്ചിട്ടുളള താരമാണ്. ഒന്‍പത് മത്സരങ്ങളാണ് അയര്‍ലന്‍ഡിനായി സ്റ്റോക്‌സ് ബൂട്ടണിഞ്ഞത്.

പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സണലിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയ ക്രിസ്റ്റഫര്‍ സ്റ്റോക്‌സ് നിരവധി പ്രീമിയര്‍ ലീഗ് ക്ലബുകളിലും പന്ത് തട്ടിയിട്ടുണ്ട്. സണ്ടര്‍ ലാന്‍ഡ്, ക്രിസ്റ്റല്‍ പാലസ് ബ്ലാക്ക് ബേണ്‍ എന്നിവയുടെ പ്രധാന താരമായിരുന്നു സ്റ്റോക്‌സ്. സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റിക്കിനായി നൂറ്റി മുപ്പതിലേറെ മത്സരങ്ങളില്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

സ്റ്റോക്‌സ് കൂടി എടികെയിലെത്തിയാല്‍ മോഹന്‍ ബഗാന്റെ ഏഴാം സീസണിലേക്കുളള വിദേശ സൈനിംഗ് പൂര്‍ത്തിയാകും. നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച റോയ് കൃഷ്ണ അടക്കമുളള അഞ്ച് വിദേശ താരങ്ങളെ എടികെ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ബ്ലാസ്‌റ്റേഴ്‌സുമായി തെറ്റിപിരിഞ്ഞെത്തിയ തിരിയെയും എടികെ സ്വന്തമാക്കിയിരുന്നു. തിരിയുടെ അനൗണ്‍സ്‌മെന്റ് ഉടന്‍ തന്നെ ഉണ്ടാകും. ഇതിന് പുറമെയാണ് സ്റ്റോക്‌സ് കൂടി എടികെയില്‍ എത്തുന്നത്.

രണ്ട് മാസം മുമ്പാണ് ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ എടികെയും ലയിച്ചത്. നിലവില്‍ എടികെ മോഹന്‍ ബഗാനായി പേരുമാറ്റിയ ക്ലബ് എന്ത് വിലകൊടുത്തും ഐഎസ്എല്‍ കിരീടം നിലനിര്‍ത്താനുളള തയ്യാറെടുപ്പിലാണ്.