എടികെയില്‍ എന്തുകൊണ്ട് തഴയപ്പെട്ടു?, വെളിപ്പെടുത്തലുമായി ജോബി ജസ്റ്റിന്‍

Image 3
FootballISL

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ എടികെയുടെ താരമായിരുന്നു മലയാളികൂടിയായ ജോബി ജസ്റ്റിന്‍. വലിയ പ്രതീക്ഷയോടെ ക്ലബിലെത്തിയ താരത്തിന് പക്ഷെ ഹബാസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. സീസണില്‍ 10 മത്സരം മാത്രം കളിച്ച ജസ്റ്റിന് ടീം കിരീടം നേടിയിട്ടും നിരാശപ്പെടേണ്ടി വന്നു.

എന്നാല്‍ എന്തുകൊണ്ടാണ് എടികെയില്‍ തനിയ്ക്ക് അവസരം കുറഞ്ഞതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മലയാളി താരം. പ്രമുഖ ഫുട്‌ബോള്‍ വെബ് സൈറ്റായ ഖേല്‍ നൗവിനോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ എ.ടി.കെയില്‍ വളരെയധികം സന്തോഷവാനാണ്. എനിക്ക് അവിടെ മൂന്നു വര്‍ഷത്തെ കരാറുണ്ട്. എന്റെ ആദ്യ ഐ.എസ്.എല്‍ സീസണില്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് മത്സരങ്ങളാണ് എനിക്ക് കളിക്കാന്‍ കഴിഞ്ഞത്. അതിന് ഞാന്‍ തന്നെയാണ് കാരണം’ ജോബി പറഞ്ഞു.

‘ഐലീഗ് ഞാന്‍ അവസാനിപ്പിച്ചത് ആറ് മല്‍സരത്തിന്റെ സസ്‌പെന്‍ഷനോടെയായിരുന്നു. സസ്പെഷന്റെ പകുതി ഈസ്റ്റ് ബംഗാളില്‍ വെച്ചു തന്നെ കഴിഞ്ഞിരുന്നു. പക്ഷെ ബാക്കിയുള്ള സസ്‌പെന്ഷന്‍ എ.ടി.കെ യില്‍ തീര്‍ക്കേണ്ട അവസ്ഥയായിരുന്നു, അതുമൂലം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ എ.ടി.കെയുടെ ഭാഗമാവാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതാണ് എനിയ്ക്ക് തിരിച്ചടിയായത്’ ജോബി വിലയിരുത്തുന്നു.

‘ആദ്യ മൂന്ന് മത്സരങ്ങളില്‍ എന്റെ സ്ഥാനത്തു കളിച്ചിരുന്ന മുന്നേറ്റക്കാര്‍ മികച്ച പ്രകടനം നടത്തി. സസ്‌പെന്ഷന്‍ കഴിഞ്ഞ് തിരിച്ചു സ്‌ക്വാഡില്‍ തിരിച്ചു എത്തിയപ്പോള്‍ അവര്‍ക്കെതിരെ മത്സരിക്കേണ്ട അവസ്ഥയായി. മറ്റു പൊസിഷനുകളില്‍ കളിച്ചു ആദ്യ പതിനൊന്നില്‍ ഇടം പിടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, അതും നല്ല രീതിയില്‍ നടന്നില്ല’ അദ്ദേഹം പറഞ്ഞു.

അതെസമയം അടുത്ത രണ്ട് സീസണില്‍ കൂടി എടികെയില്‍ തനിയ്ക്ക് കരാറുണ്ടെന്നും മികച്ച പ്രകടനം നടത്തി കോച്ചിന്റെ ഇഷ്ടം സമ്പാദിക്കാനാകും താന്‍ ശ്രമിയ്ക്കുയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.