എടികെയില്‍ നിന്ന് പ്രതിരോധ താരത്തെ റാഞ്ചാന്‍ കരുക്കള്‍ നീക്കി ബ്ലാസ്‌റ്റേഴ്‌സ്

Image 3
Uncategorized

സന്ദേഷ് ജിങ്കന്‍ എടികെയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കൊല്‍ക്കത്തയില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ പ്രതിരോധ താരത്തെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഇതോടെ ആ താരമാരെന്ന അന്വേഷണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ജിങ്കന്‍ പരിക്കേറ്റതിനാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച രാജു ഗെയ്ക്കുവാദ് ടീമില്‍ തുടര്‍ന്നേക്കുമെന്നുളള സൂചനയും മെര്‍ഗുളാനോ നല്‍കുന്നുണ്ട്. ഗെയ്ക്ക് വാദിന്് ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ നീട്ടാന്‍ കഴിയുമെന്നും മെര്‍ഗുളാനോ നിരീക്ഷിക്കുന്നു.

നിലിവില്‍ എടികെയ്ക്ക് ശക്തമായ പ്രതിരോധ നിരയാണ് ഉളളത്. ജിങ്കന്‍ കൂടി വരുന്നതോട് അത് പിളര്‍ത്താന്‍ എതിരാളികള്‍ വിയര്‍ക്കേണ്ടി വരും. സുഭാഷിഭ് ബോസ്, പ്രീഥം കോട്ടാല്‍, സുമിത് രതി എന്നീ ഇന്ത്യന്‍ ഡിഫന്റര്‍മാരും അഗസ് ഗാര്‍സ്യ , ജോണ്‍ ജോണ്‍സണ്‍ തുടങ്ങിയ വിദേശ താരങ്ങളും ജിങ്കനെ കൂടാതെ കൊല്‍ക്കത്തന്‍ പ്രതിരോധ നിരയില്‍ ഇപ്പോഴുണ്ട്. ഇതില്‍ ഏത് ഇന്ത്യന്‍ പ്രതിരോധ താരത്തേയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമല്ല.

അതെസമയം ലയനത്തിലൂടെ എടികെയിലെത്തിയ മോഹന്‍ ബഗാനിലെ കിബുവിന്റെ പ്രിയ ശിഷ്യന്‍ എസ്‌കെ സാഹിലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളില്‍ ഒന്നായാണ് സാഹിലിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. എന്നാല്‍ മോഹന്‍ ബഗാനുമായി നാലുവര്‍ഷത്തെ കരാറിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക തന്നെ നല്‍കേണ്ടി വരും.

ഈ സീസണോടെ മോഹന്‍ ബഗാന്‍ എ.ടി.കെയുമായി ലയിക്കുന്നതിനാല്‍ സാഹില്‍ തന്റെ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ടീമുകളുടെ ലയനം സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സാഹിലിന്റെ എടികെയുമായുളള കരാറിന്റെ സാധുത നിലനില്‍ക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി എന്നീ ടീമുകള്‍ സാഹിലിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വികൂനയുടെ പ്രിയ ശിഷ്യനായതിനാല്‍ ബഗാന്‍ വിടുകയാണെങ്കില്‍ സാഹില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനാണ് കൂടുതല്‍ സാധ്യത.