ഫോട്ടോ ഫിനിഷിൽ ലാലിഗ കൈപ്പിടിയിലൊതുക്കി സിമിയോണിയുടെ അത്ലറ്റിക്കോ, സംപൂജ്യരായി സീസൺ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്‌

2014നു ശേഷം അത്ലറ്റിക്കോ മാഡ്രിഡ്‌ വീണ്ടും ലാലിഗയുടെ നെറുകിലെത്തിയിരിക്കുകയാണ്. എൽ ചോളോ എന്നു വിളിപ്പേരുള്ള അത്ലറ്റിക്കോയുടെ ആശാൻ ഡിയെഗോ സിമിയോണി കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഷെൽഫിലെത്തിച്ചിരിക്കുകയാണ്.റയൽ വയ്യഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷമാണ് ഏയ്ഞ്ചൽ കൊറെയയുടെയും ലൂയിസ് സുവാരസിന്റെയും നിർണായക ഗോളിൽ ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കിയത്.

വിയ്യാറയലിനെതിരെ റയൽ മാഡ്രിഡും പിന്നിൽ നിന്ന ശേഷം ബെൻസിമയിലൂടെയും മോഡ്രിച്ചിലൂടെയും വിജയം സ്വന്തമാക്കിയെങ്കിലും അത്ലറ്റിക്കോയുടെ വിജയം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഇതോടെ ഒരു ട്രോഫിയുമില്ലാതെ റയലിനു ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

2010നു ശേഷം ആദ്യമായാണ് റയലിനു ഇത്തരത്തിൽ ട്രോഫിരഹിതമായ ഒരു സീസൺ അഭിമുഖീകരിക്കേണ്ടി വരുന്നത്. പരിക്കുകളും കോവിഡും പിന്നോട്ട് വലിച്ചെങ്കിലും ഒരു മികച്ച പോരാട്ടം തന്നെ ഈ സീസണിൽ റയൽ മാഡ്രിഡ്‌ കാഴ്ചവെച്ചിരുന്നു എന്നതാണ് ഈ വിഷമഘട്ടത്തിലും ആശ്വാസമായി കരുതാവുന്ന ഒന്ന്.

കോപ്പ ഡെൽ റെയ് കിരീടം നേടിയെങ്കിലും ലൂയിസ് സുവാരസിനെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വിറ്റൊഴിവാക്കിയത് ലാലിഗ നേടുന്നതിന് ബാഴ്‌സക്ക് തിരിച്ചടിയായി. അത്ലറ്റിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുവാരസ് ഗോൾവേട്ട തുടർന്നത് കിരീടനേട്ടത്തിൽ നിർണായകമായി. 21 ഗോളുകളുമായി അത്ലറ്റിക്കോയുടെ ടോപ് സ്കോററാണ് സുവാരസ്. സുവാരസിന്റെ കരിയറിലെ അഞ്ചാമത്തെ ലാലിഗ കിരീടമാണിത്.

You Might Also Like