ബാഴ്സയ്ക്കും റയലിനും ഭീഷണി, ഡിയെഗോ കോസ്റ്റക്ക് പകരക്കാരനെ കണ്ടെത്തി അത്ലറ്റിക്കോ മാഡ്രിഡ്‌

അടുത്തിടെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അവസാനിപ്പിച്ച സൂപ്പർതാരമാണ് സ്പാനിഷ് സ്‌ട്രൈക്കർ ഡിയെഗോ കോസ്റ്റ. സുവാരസിനൊപ്പം അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്ന ഡിയെഗോ കോസ്റ്റക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ താരമായ മൂസ ഡെമ്പെലെയെയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്നത്.

നിലവിൽ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിയോണിന്റെ മുന്നേറ്റത്തിൽ പ്രധാനിയായിരുന്ന താരത്തെ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടമിട്ടിരുന്നു. റൊമേലു ലുക്കാക്കുവിനു പകരക്കാരനായി നോട്ടമിട്ട താരത്തിനു പകരം പിന്നീട് ഒഡിയോൺ ഇഗാലോവിനെ സ്വന്തമാക്കുകയായിരുന്നു. നിലവിൽ ഡെമ്പെലെക്കായി ശ്രമങ്ങൾ ആരംഭിച്ചുവെന്നു ഡിയെഗോ സിമിയോണി തന്നെ അറിയിച്ചിരുന്നു.

ഒപ്പം ലിയോണിന്റെ സ്പോർട്ടിങ് ഡയറക്ടറായ ജുണീഞ്ഞോയും ഡെമ്പെലെ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ തുടങ്ങിയെന്നു അറിയിച്ചിരുന്നു. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ടെലിഫൂട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” മൂസ എന്റെയടുത്തേക്ക് വന്നിരുന്നു. ക്ലബ്ബ് വിടാനുള്ള സമയമാണിതെന്നു അവനെന്നോട് പറഞ്ഞു. ഇവിടെ തുടരാനുള്ള പ്രചോദനം നഷ്ടപ്പെട്ടെന്ന് അവനെന്നോട് പറഞ്ഞു.”

” ഇതു ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. മൂസ വളരെ പ്രശംസനീയമായ ഒരു താരമാണ്. ഞങ്ങൾ ഒരുപാട് അവനിൽ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ ഇനി വരാൻ പോവുന്ന അഞ്ചു മാസത്തേക്ക് ഇവിടെ തുടരാൻ താത്പര്യമില്ലാത്ത ഒരാളെ പിടിച്ചു നിർത്തുന്നത് ശരിയായ കാര്യമല്ല. അതു കൊണ്ടു തന്നെ ഞങ്ങൾ അത്ലറ്റിക്കോയുമായി ചർച്ച നടത്തുകയാണ്. ഇതു വരെ ഒന്നും നടന്നിട്ടില്ലെങ്കിലും എനിക്ക് തോന്നുന്നത് അവൻ അത്ലറ്റിക്കോയുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ്. പക്ഷെ ഇനി ഞങ്ങളുടേതും കൂടെ ശരിയാവാനുണ്ട്. നടക്കുകയാണെങ്കിൽ എന്റെ വക ആശംസകൾ നേരുകയാണ്.” ജുണീഞ്ഞോ പറഞ്ഞു.

You Might Also Like