ബാഴ്‌സയുടെ പ്രതിരോധതാരത്തെ റാഞ്ചാനൊരുങ്ങി അറ്റലാന്റ, മറ്റൊരു താരത്തിനായി ജിറോണയും രംഗത്ത്
കൂമാന്റെ പ്രിയതാരങ്ങളെ ബാഴ്സയിലെത്തിക്കാൻ താരങ്ങളെ ഈ സീസണിൽ വിറ്റൊഴിവാക്കുമെന്ന് മുമ്പേ തീരുമാനിച്ചതാണ്. റാക്കിറ്റിച്ച് സെവിയ്യയിലേക്ക് ചേക്കേറുകയും വിദാലും സുവാരസും ബാഴ്‌സ വിടാനുള്ള നീക്കത്തിലുമാണ്. ഇരുവർക്കും പിന്നാലെ ഇപ്പോൾ ലെഫ്റ്റ്ബാക്കായ ജൂനിയർ ഫിർപ്പോയും ടീം വിടാനുള്ള ഒരുക്കങ്ങളിലാണ്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്. താരത്തെ ലോണിലും പിന്നീട് സ്‌ഥിരമാക്കാനുമാണ് അറ്റലാന്റയുടെ നീക്കം. ലോണിൽ ലഭിക്കുന്നതിനായി രണ്ട് മില്യണും സ്ഥിരമാക്കാൻ 18 മില്യണും ഒപ്പം 5 മില്യൺ അധികവേതനവുമാണ് അറ്റലാന്റ താരത്തിനായി ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ ബാഴ്സ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Barça defender Junior Firpo is being linked with a move to Atalantahttps://t.co/zM7mmhOd6m
— SPORT English (@Sport_EN) September 18, 2020
മറ്റൊരു ബാഴ്സ താരമായ കൊൺറാഡിനെ സ്പാനിഷ് ടീമായ ജിറോണയും ലക്ഷ്യം വെച്ചിട്ടുണ്ട്. ബാഴ്സ അക്കാദമിയിലൂടെ വളർന്നു വന്ന അമേരിക്കൻ താരമാണ് കൊൺറാഡ്. കഴിഞ്ഞ ജിറോണക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. അതിനു ശേഷമാണ് ജിറോണ താരത്തിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ബാഴ്‌സ വിട്ടുനൽകുമോ ഇല്ലയോ എന്നുള്ളത് ഇതു വരെ വെളിവായിട്ടില്ല. താരത്തിന്റെ പ്രകടനം പരിശീലകൻ കൂമാനെ തൃപ്തനാക്കിയിരുന്നു. അതിനാൽ തന്നെ ബാഴ്‌സ വിടാൻ സാധ്യത വളരെ കുറവാണ്. ഇടതു വിങ്ങിൽ കളിക്കുന്ന താരം ബാഴ്സക്ക് വേണ്ടി കളിക്കുന്ന ആദ്യ അമേരിക്കൻ താരമാണ്. താരത്തെ ലോണിൽ എത്തിക്കാനാണ് ജിറോണ ലക്ഷ്യമിടുന്നത്. ഏതായാലും ഈ രണ്ട് താരങ്ങളുടെ കാര്യത്തിലും ബാഴ്സ ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.