ലിവര്‍പൂളിന്റെ സൂപ്പര്‍ സബിനെ റാഞ്ചാന്‍ ആസ്റ്റര്‍ വില്ല, മുന്നേറ്റം ശക്തമാക്കാന്‍ രണ്ടും കല്‍പിച്ച്
ലിവര്‍പൂളിന്റെ ‘സൂപ്പര്‍ സബ്’ എന്നറിയപ്പെടുന്ന ബെല്‍ജിയന്‍ സ്ട്രൈക്കര്‍ ഡിവോക് ഒറിഗിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ല. പ്രീമയിര്‍ ലീഗില്‍ തരംതാഴത്തലില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ആസ്റ്റണ്‍ വില്ല അടുത്ത സീസണിലേക്ക് മികച്ച മുന്നേറ്റനിരയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഈ സീസണില്‍ ജാക്ക് ഗ്രീലിഷെന്ന യുവപ്രതിഭയുടെ മധ്യനിരയിലെ പ്രകടനമാണ് ആസ്റ്റണ്‍ വില്ലയെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്താന്‍ മുഖ്യപങ്കുവഹിച്ചത്. തരംതാഴ്ത്തപ്പെട്ട ബേണ്‍മൗത്തിനേക്കാള്‍ വെറും ഒരു പോയിന്റിന്റെ പിന്‍ബലത്തിലാണ് ആസ്റ്റണ്‍ വില്ല പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിലേക്ക് കളിക്കാന്‍ യോഗ്യത നേടിയത്.
ഗ്രീലിഷിന്റെ മധ്യനിരയിലെ പ്രതിഭക്കൊപ്പമുയരാന്‍ ആസ്റ്റണ്‍ വില്ലയുടെ മുന്നേറ്റത്തിന് സാധിക്കാതെ പോയതാണ് ക്ലബ്ബിനെ തരംതാഴ്ത്തലിന്റെ അടുത്തെത്തിച്ചത്. ഗ്രീലിഷിന്റെ മുന്നേറ്റങ്ങള്‍ പലതും മുന്നേറ്റനിരയില്‍ വെസ്ലിയും എംബ്വാന സമാനയും നഷ്ടപ്പെടുത്തുന്നത് ക്ലബ്ബ് മാനേജ്‌മെന്റിനെ പുതിയ മുന്നേറ്റനിരയെ കണ്ടെത്തുന്നതിന് പ്രേരിപ്പിച്ചിരിക്കുകയാണ്.
ലിവര്‍പൂളിന് വേണ്ടി പ്രധാനപ്പെട്ട ഗോളുകള്‍ നേടുന്നതില്‍ മികവ് പുലര്‍ത്തുന്ന ഡിവോക് ഒറിഗിയ്ക്ക് മുന്നേറ്റനിരയിലുള്ള ആസ്റ്റണ്‍ വില്ലയുടെ കുറവുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിവര്‍പൂളില്‍ കൂടുതല്‍ മിനുട്ടുകള്‍ കിട്ടാത്തത് ഒറിഗിയെ ക്ലബ്ബിലെത്തിക്കാന്‍ സഹായകരമാവുമെന്നാണ് പരിശീലകന്‍ ഡീന്‍ സ്മിത്തും സംഘവും പ്രതീക്ഷിക്കുന്നത്. ലിവര്‍പൂളിന് വേണ്ടി ഇതുവരെ ഒറിഗി 91 മത്സരങ്ങളില്‍ നിന്നും 24 ഗോളുകള്‍ നേടിയിട്ടുണ്ട്.