സ്‌പോണ്‍സറെ പ്രഖ്യാപിച്ചു, ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക്

എല്ലാ ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിടനല്‍കി പുതിയ സ്‌പോണ്‍സറെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. ശ്രീ സിമന്റ്‌സ് ആണ് ഈസ്റ്റ് ബംഗാളിന്റെ പുതിയ ഇന്‍വെസ്റ്റര്‍. സെപ്റ്റംമ്പര്‍ നാലിന് ക്ലബും ശ്രീ സിമന്റും തമ്മില്‍ കരാര്‍ ഒപ്പിടും. കൊല്‍ക്കത്തന്‍ ദിനപത്രമായ ആന്ദബസാര്‍ പത്രികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഈ സീസണില്‍ തന്നെ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് ബംഗാള്‍ പുതിയ ഇന്‍വെസ്റ്ററെ അതിവേഗം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍വെസ്റ്ററും ക്ലബുമായുളള പേപ്പര്‍ വര്‍ക്കുകളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.

കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ സിമന്റ് ബെനു ഗോപാല്‍ ബംഗൂര്‍ എന്ന വ്യവസായിയുടെ നിയന്ത്രണത്തിലുളള സിമന്റ് കമ്പനിയാണ്. രാജ്യത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളില്‍ ഒന്നാണ് ശ്രീ സിമന്റ്.

നേരത്തെ ഐഎസ്എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ ഇന്‍വെസ്റ്ററെ കണ്ടെത്താന്‍ നിരവധി കോര്‍പ്പറേറ്റുകളുമായാണ് ഈസ്റ്റ് ബംഗാള്‍ ചര്‍ച്ച നടത്തിയത്. പി ആന്റ് ജി, റെഡ് ചില്ലീസ് എന്റര്‍ടൈമെന്റ്, യു.എസ്.ഇ.എല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളുമായി ഈസ്റ്റ് ബംഗളാര്‍ ചര്‍ച്ച നടത്തിയിരുന്നു.

അതെസമയം ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചടുല നീക്കങ്ങളാണ് ക്ലബിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ അമ്പാനിയോട് ഈ ആവശ്യം നേരിട്ട് ഉന്നയിച്ചിരുന്നു. എഫ്എസ്ഡിഎല്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം.

നേരത്തെ ഈസ്റ്റ് ബംഗാളിന്റെ ബദ്ധവൈരികളായ മറ്റൊരു കൊല്‍ക്കത്തന്‍ ക്ലബ് മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ച് ഐഎസ്എല്‍ പ്രവേശനം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അഭിമാനം സംരക്ഷിക്കാന്‍ എന്ത് വില കൊടുത്തും രാജ്യത്തെ ഏറ്റവും പ്രധാന ലീഗിന്റെ ഭാഗമാകാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നത്.

You Might Also Like