ഹാര്‍ദ്ദിക്ക് ദ ഹീറോ, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ഏഷ്യ കപ്പിലെ ആവേശപ്പോരില്‍ പാകിസ്ഥാനെ തോല്‍പിച്ച് ടീം ഇന്ത്യ. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ജഡേജ കുറ്റി തെറിച്ച് പുറത്തായി. രണ്ടാം പന്തില്‍ ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഹാര്‍ദ്ദിക്കിന് റണ്‍സൊന്നും എടുക്കാനായില്ലെങ്കിലും നാലാം പന്തില്‍ സിക്‌സ് അടിച്ച് ഹാര്‍ദ്ദിക്ക് വിജയലക്ഷ്യം മറികടക്കുകയായിരുന്നു..

അരങ്ങേറ്റ താരം നസീം ഷാ എറിഞ്ഞ ആദ്യ ഓവര്‍ ഇന്ത്യയെ സംബന്ധിച്ച് ഭയാനകമായിരുന്നു. അദ്യ പന്തില്‍ രോഹിത്ത് സിംഗിളെടുത്തതിനെ തുടര്‍ന്ന് ക്രീസിലെത്തിയ കെഎല്‍ രാഹുല്‍ ഗോള്‍ഡണ്‍ ഡെക്കായി കുറ്റി തെറിച്ച് മടങ്ങുന്നതാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. പിന്നാലെ ക്രീസിലെത്തിയ കോഹ്ലി സ്ലിപ്പില്‍ ക്യാച്ച് നല്‍കിയെങ്കിലും പാകിസ്ഥാന് അവസരം മുതലെടുക്കാനായില്ല.

എന്നാല്‍ ടീം സ്‌കോര്‍ 50ല്‍ നില്‍ക്കെ മുഹമ്മദ് നവാസിനെ സിക്‌സ് പറത്താന്‍ ശ്രമിച്ച് രോഹിത്ത് പുറത്തായി. 18 പന്തില്‍ ഒരു സിക്‌സ് സഹിതം 12 റണ്‍സാണ് രോഹിത്ത് നേടിയത്. തൊട്ടുടനെ നവാസിന്റെ പന്തില്‍ തന്നെ കോഹ്ലിയും വിക്കറ്റ് നഷ്ടപ്പെടുത്തി. 34 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് കോഹ്ലി നേടിയത്.

പിന്നാലെ ക്രീസിലെത്തിയ ജഡേജയും സൂര്യകുമാറും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും നസീം ഷായുടെ പന്തില്‍ കുറ്റിതെറിച്ച് സൂര്യ മടങ്ങുകയായിരുന്നു. 18 പന്തില്‍ ഒരു ഫോര്‍ സഹിതം 18 റണ്‍സാണ് സൂര്യ നേടിയത്. അവസാന ഓവറില്‍ ജഡേജ മടങ്ങുമ്പോള്‍ ഇന്ത്യ ഏതാണ്ട് വിജയത്തിനടുത്തെത്തിയിരുന്നു. 29 പന്തില്‍ റണ്ട് വീതം സിക്‌സും ഫോറും സഹിതം 35 റണ്‍സാണ് ജഡേജ നേടിയത്.

മത്സരത്തിലെ ഹീറോ ആയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ വെറും 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 33 റണ്‍സ് എടുത്തു. ഒരു റണ്‍സുമായി ദിനേഷ് കാര്‍ത്തികും ക്രീസിലുണ്ടായിരുന്നു.

പാകിസ്ഥാനായി മുഹമ്മദ് നവാസ് 3.4 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നസീം ഷാ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. പരിക്കിനോട് പൊരുതിയായിരുന്നു നസീം ഷായും ധീരമായ ബൗളിംഗ് പ്രകടനം.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപ് സിംഗും ചേര്‍ന്നാണ് പാകിസ്ഥാനെ പിടിച്ചുകെട്ടയത്.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ഹാര്‍ദ്ദിക്ക് ആകട്ടെ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. അര്‍ഷദീപ് 3.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി. ആവേശ് ഖാന്‍ ഒരു വിക്കറ്റും എടുത്തു.

പാകിസ്ഥാനായി ഓപ്പണര്‍ മുഹമ്മദ് റിസ് വാന് മാത്രമാമ് ക്രീസില്‍ പിടിച്ച് നില്‍ക്കാനായുളളു. റിസ് വാന്‍ 43 റണ്‍സ് എടുത്തെങ്കിലും 42 പന്തുകള്‍ നേരിടേണ്ടി വന്നു. നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു റിസ് വാന്റെ ഇന്നിംഗ്‌സ്. നായകന്‍ ബാബര്‍ അസമും ഫഖര്‍ സമാനും 10 റണ്‍സ് വീതെടുത്ത് പുറത്തായി.

ബാബറിനെ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയപ്പോള്‍ ഫഖര്‍ സമാനെ ആവേശ് ഖാന്‍ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഇഫ്ത്തികാര്‍ അഹമ്മദിനൊപ്പം ചേര്‍ന്ന് റിസ് വാന്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടില്ല. 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സാണ് ഇഫ്ത്താഖാര്‍ അഹമ്മദ് നേടിയത്. ഹാര്‍ദ്ദിക്കിനായികുന്നു ഇഫ്ത്തിഖാറിന്റെ വിക്കറ്റ്.

പിന്നീട് പാക് കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കുഷ്തി ഷാ (2), ഷാദ്ബ് ഖാന്‍ (10), ആസിഫ് അലി (9), , മുഹമ്മദ് നവാസ് (1), നസീം ഷാ (0) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് വീണു.

അവസാന വിക്കറ്റില്‍ ഏഴ് പന്തില്‍ രണ്ട് ഫോറുടക്കം പുറത്താകാതെ 13 റണ്‍സെടുത്ത ഹാരിസ് റൗഫും ആറ് പന്തില്‍ രണ്ട് സിക്‌സ് സഹിതം 16 റണ്‍സെടുത്ത ഷാനവാസ് ധഹാനിയും ആണ് പാക് സ്‌കോര്‍ മാന്യമായ നിലയിലെത്തിച്ചത്. ഇതില്‍ പതിനൊന്നാമനായി ധഹാനിയുടെ ബാറ്റിംഗ് കാണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കി.

You Might Also Like