ഷഹീനുണ്ടായിരുന്നെങ്കില്‍ ഇന്ത്യയെ തകര്‍ത്തേനെ, ജാമ്യമെടുത്ത് ബാബര്‍ അസം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് ടീമില്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ കുറവിന്റെ ആഴം വെളിപ്പെടുത്തി നായകന്‍ ബാബര്‍ അസം. ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്നാണ് പാക് നായകന്‍ തുറന്ന് പറയുന്നത്.

ഷഹീന്റെ അഭാവത്തില്‍ പാക് പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ബാബര്‍ അസം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ബാബര്‍ അസം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്‌പെല്ലായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദി രണ്ടാം വരവില്‍ വിരാട് കോഹ്ലിയേയും പുറത്താക്കി മത്സരം പാകിസ്ഥാന് അനുകൂലമാക്കി. 10 വിക്കറ്റിനാണ് പാകിസ്ഥാന്റെ വിജയം.

‘ഷഹീന്‍ ഞങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. ഞങ്ങളുടെ ബൗളിംഗിനെ നയിക്കുന്നത് അവനാണ്. അതുകൊണ്ടുതന്നെ അവന്റെ അസാന്നിധ്യം വിലമതിക്കാനാകാത്തതാണ്. ഷഹീന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കെതിരായ മത്സരം മറ്റൊരു തലത്തിലെത്തിയേനെ. പക്ഷെ ഞങ്ങളുടെ മറ്റ് പേസര്‍മാരും മികവുറ്റവരാണ്. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ടീം നല്ല ആത്മവിശ്വാസത്തിലുമാണ്’ ബാബര്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. നാളെ പുതിയ തുടക്കമാണെന്നും ബാബര്‍ പറഞ്ഞു.

പരിശീലനത്തിനിടെ ഇന്ത്യന്‍ കളിക്കാരുമായി സൗഹൃദം പങ്കിട്ടതിനെക്കുറിച്ചും ബാബര്‍ മനസുതുറന്നു. കായികതാരമെന്ന നിലക്ക് പലരെയും കാണും. അത് സാധാരണമാണ്. ഇന്ത്യന്‍ താരങ്ങളുമായി ക്രിക്കറ്റ് മാത്രമല്ല മറ്റ് പല കാര്യങ്ങളുമെല്ലാം സംസാരിച്ചിരുന്നുവെന്നും ബാബര്‍ പറഞ്ഞു.

You Might Also Like