ഇന്ത്യയ്ക്ക് ഇരുട്ടടി, ഏഷ്യ കപ്പില്‍ നിന്ന് ഭുംറ പുറത്ത്

ഈ മാസം തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് സൂപ്പര്‍ താരം ജസ്പ്രിത് ഭുംറ പുറത്ത്. പരിക്കു കാരണമാണ് ഭുംറയ്ക്കു ഏഷ്യാ കപ്പ് നഷ്ടമാവുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ ആഘാതമാണ് ഈ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കു ടൂര്‍ണമെന്റില്‍ നഷ്ടമാവുന്ന രണ്ടാമത്തെ താരം കൂടിയാണ് ഭുംറ. മറ്റൊരു പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ നേേേരത്ത തന്നെ പരിക്കേറ്റ് പിന്‍മാറിയിരുന്നു.

പുറംഭാഗത്തേറ്റ പരിക്കാണ് ജസ്പ്രീത് ഭുംറയ്ക്ക് വിനയായത്. പരിക്ക് ഭേദമാവാന്‍ സമയമെടുക്കുമെന്നാണ് വിവരം. പരിക്ക് വഷളായാല്‍ ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും ഭുംറയ്ക്കു നഷ്ടമായേക്കും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഭുംറയ്ക്കു വിശ്രമം നല്‍കിയിരുന്നു.

‘ജസ്പ്രീത് ഭുംറയുടെ പുറംഭാഗത്തിനു പരിക്കേറ്റിരിക്കുകയാണ്. ഈ കാരണത്താല്‍ താരം ഏഷ്യാ കപ്പില്‍ കളിക്കില്ല. ബുംറ നമ്മുടെ പ്രധാന ബൗളറാണ്. ടി20 ലോകകപ്പിനു മുമ്പ് അദ്ദേഹം മല്‍സരരംഗത്തു തിരിച്ചെത്തണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഏഷ്യാ കപ്പില്‍ ഭുംറയെ കളിപ്പിച്ച് നമുക്ക് റിസ്‌കെടുക്കാന്‍ സാധിക്കില്ല. അതു പരിക്ക് കൂടുതല്‍ വഷളാക്കിയേക്കും’ മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ജസ്പ്രീത് ഭുംറ വൈകാതെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് വിവരം. ഏഷ്യാ കപ്പിനു പിന്നാലെ നാട്ടില്‍ ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കുന്നുണ്ട്. ഇവയിലൂടെ ദേശീയ ടീമിലേക്കു മടങ്ങിയെത്താനായിരിക്കും ഭുംറയുടെ ശ്രമം.

നിലവില്‍ ഭാര്യയും പ്രശസ്ത അവതാരകയുമായ സഞ്ജന ഗണേശനോടൊപ്പം അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കുകയാണ് ഭുംറ. ഇതു അവസാനിച്ചാല്‍ താരം നേരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു വരുമെന്നാണ് സൂചനകള്‍.

You Might Also Like