അയാള്‍ പന്തിനേക്കാള്‍ നന്നായി സ്ലെഡ്ജ് ചെയ്യും, 17 കോടിയെങ്കിലും വാരും, തുറന്നടിച്ച് അശ്വിന്‍

Image 3
CricketIPL

ഐപിഎല്‍ മെഗാ താരലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രദ്ധേയമായ പ്രകടനവുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. താരലേലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവര്‍ കോടികള്‍ വാരുമെന്നാണ് ആര്‍ അശ്വിന്റെ പ്രവചനം.

താരലേലം ശനിയാഴ്ച്ച തുടങ്ങാനിരിക്കെ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അശ്വിന്റെ അഭിപ്രായ പ്രകടനം.

ഏറെ ടീമുകള്‍ നോട്ടമിട്ട താരമാണ് ഇഷാന്‍ കിഷന്‍. മധ്യനിരയിലാണ് ഇഷാനെ മുംബൈ ഇന്ത്യന്‍സ് കളിപ്പിച്ചിരുന്നത്. വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍, മധ്യനിരയില്‍ കളിപ്പിക്കാവുന്ന താരം, ഇടംകയ്യന്‍ ബാറ്റര്‍ ഇങ്ങനെ നീണ്ടുപോകുന്നു ഇഷാന്റെ വിശേഷണം. സ്റ്റമ്പിന് പിന്നിലെ ചീത്തവിളികള്‍ക്കും പേരുകേട്ട താരമാണ് ഇഷാന്‍. അതുകൊണ്ടുതന്നെ ‘5 ഇന്‍ 1′ താരമായി ഉപയോഗിക്കാം.

വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിനേക്കാള്‍ നന്നായി ഇഷാന്‍ സ്ലെഡ്ജ് ചെയ്യും എന്നതാണ് സത്യം. താരലേലത്തില്‍ ഇഷാന് 15-17 കോടി രൂപ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.’-അശ്വിന്‍ തന്റെ യു ട്യൂബ് ചാനലില്‍ പറയുന്നു.

പരിചയസമ്പന്നനായ ധവാന്‍ താരലേലത്തില്‍ മികച്ച തുക സ്വന്തമാക്കുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. ‘പഴകുന്തോറും വീര്യമേറുമെന്ന പഴഞ്ചൊല്ല് ധവാന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. ട്വന്റി-20 ചെറുപ്പക്കാരുടെ കളിയായാണ് ആദ്യം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാലം മാറിയതോടെ പരിചയസമ്പന്നരായ താരങ്ങള്‍ അതു തങ്ങളുടേത് കൂടിയാക്കിമാറ്റി. സീസണില്‍ ധവാന്‍ 400-500 റണ്‍സ് നേടുമെന്ന് ഉറപ്പാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും ധവാനില്‍ കണ്ണുണ്ടാകും. അശ്വിന്‍ വ്യക്തമാക്കുന്നു.

ശനി ഞായര്‍ ദിവസങ്ങളിലാണ് താരലേലം നടക്കുന്നത്. ബംഗളൂരുവില്‍ വെച്ചാണ് ഇത്തവണത്തെ താരലേലം നടക്കുക.