എന്റെ ടീമില്‍ അവനെ ഉള്‍പ്പെടുത്തില്ല, സൂപ്പര്‍ താരത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ അവസാന ഓവറില്‍ സിക്‌സ് വഴങ്ങിയ ഡല്‍ഹിയുടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത്. കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്കായി അവസാന ഓവര്‍ എറിഞ്ഞത് അശ്വിനായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും അഞ്ചാം പന്തില്‍ അശ്വിന്‍ സിക്‌സ് വഴങ്ങിയതോടെ ഡല്‍ഹി ഫൈനല്‍ കാണാതെ പുറത്തായി.

ഇതിന് പിന്നാലെയാണ് ടി20യില്‍ അശ്വിന്‍ വലിയ സംഭവമൊന്നുമല്ലെന്ന് തുറന്നടിച്ച് മഞ്ജരേക്കര്‍ രംഗത്തെത്തിയത്. അശ്വിനെപ്പോലൊരു ബൗളറെ എന്തായാലും തന്റെ ടി20 ടീമില്‍ എടുക്കില്ലെന്നും രണ്ടാം ക്വാളിഫയറിനുശേഷം മഞ്ജരേക്കര്‍ പറഞ്ഞു. അശ്വിനെക്കുറിച്ച് നമ്മള്‍ ഒരുപാട് കാലമായി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ടി20യില്‍ ഒരു ടീമിലും അശ്വിന്‍ വലിയ സംഭവമൊന്നുമല്ല.

അശ്വിന്‍ മാറണമെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതിന് സാധ്യതയില്ല. കാരണം, കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി അദ്ദേഹം ഇതുപോലെ തന്നെയാണ് ടി20യില്‍ പന്തെറിയുന്നത്. എന്നാല്‍ ടെസ്റ്റില്‍ അശ്വിന്റേത് അസാമാന്യ പ്രകടനമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് ഒറ്റ ടെസ്റ്റ് പോലും കളിക്കാനായില്ല എന്നത് പരിഹാസ്യമായിപ്പോയി.

പന്ത് കുത്തിത്തിരിയുന്ന പിച്ചുകളാണെങ്കില്‍ പോലും ടി20യില്‍ അശ്വിനെപ്പോലൊരു ബൗളറെ ഞാന്‍ ടീമിലെടുക്കില്ല. അശ്വിന് പകരം വരുണ്‍ ചക്രവര്‍ത്തിയെയോ സുനില്‍ നരെയ്‌നെയോ യുസ്വേന്ദ്ര ചാഹലിനെയോ ആകും ഞാന്‍ ടീമിലെടുക്കുക. ടി20 ക്രിക്കറ്റില്‍ അശ്വിന്‍ വിക്കറ്റ് വേട്ടക്കാരനല്ലാതായിട്ട് കാലം കുറേയായി. റണ്‍നിരക്ക് കുറക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ ഡല്‍ഹി ടീമില്‍ നിര്‍ത്തിയിരിക്കുന്നത് എന്ന് താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഡല്‍ഹിക്കെതിരായ അവസാന ഓവറില്‍ അശ്വിന്‍ ബാറ്റ്‌സ്മാനെ തന്ത്രപൂര്‍വം കബളിപ്പിക്കാന്‍ ശ്രമിച്ചതിന് പകരം പന്ത് സ്പിന്‍ ചെയ്യിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും അഭിപ്രായപ്പെട്ടിരുന്നു. ബൗളിംഗിലെ വൈവിധ്യം കുറച്ച് അശ്വിന്‍ ഇനിയെങ്കിലും ഓഫ് സ്പിന്‍ എറിയണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പറഞ്ഞിരുന്നു.