എന്ത് വിലകൊടുത്തും ആ ക്ലബില്‍ പോയി കളിക്കണം, അനസിന്റെ ഉപദേശം വെളിപ്പെടുത്തി ആഷിഖ്
ഇന്ത്യന്‍ താരം അനസ് എടത്തൊടികയാണ് തന്നോട് ബംഗളൂരു എഫ്‌സിയില്‍ പോയി കളിക്കാന്‍ നിര്‍ദേശിച്ചതെന്ന് മലയാളി താരം ആഷിഖ് കരുണിയന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രെഫഷണല്‍ ക്ലബാണ് ബംഗളൂരുവെന്നും അതുകൊണ്ട് എന്ത് വിലകൊടുത്തും തന്നോട് ബംഗളൂരുവില്‍ ചേരാന്‍ അനസ് നിര്‍ദേശം നല്‍കുകയായിരുന്നെന്നും ആഷിഖ് കരുണിയന്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ സീസണിലാണ് ആഷിഖ് കരുണിയന്‍ ബംഗളൂരു എഫ്‌സിയില്‍ ചേര്‍ന്നത്. ബംഗളൂരുവിനായി 18 മത്സരവും കളിച്ച ഈ വിംഗര്‍ ഒരു ഗോളും സ്വന്തമാക്കിയരുന്നു. ബംഗളൂരുവിലെ ഏറ്റവും പ്രധാന താരങ്ങലിലൊന്നായാണ് ആഷിഖിനെ ഇപ്പോള്‍ വിലയിരുത്തുന്നത്.
നേരത്തെ മൂന്ന് വര്‍ഷത്തോളം പൂണെ സിറ്റിയ്ക്കായാണ് ഈ 23കാരന്‍ മലപ്പുറം സ്വദേശി കളിച്ചത്. പൂണെയില്‍ 26 മത്സരങ്ങള്‍ ബൂട്ടണിഞ്ഞ ആഷിഖ് മൂന്ന് ഗോളാണ് നേടിയത്. ഇന്ത്യയ്ക്കായി 2018 മുതല്‍ കളിക്കുന്ന ആഷിഖ് 16 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ഒര രാജ്യന്തര ഗോളും ആഷിഖ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
നേരത്തെ ആഷിഖിനെ പ്രശംസിച്ച് മുന്‍ ഓസ്ട്രിയന്‍ താരം മാര്‍ക്കോ സ്റ്റാന്‍കോവിച്ച് രംഗത്ത് വന്നിരുന്നു. ആഷിഖ് ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാണെന്ന് വിലയിരുത്തുന്ന സ്റ്റാന്‍കോവിച്ച് അവന്‍ യൂറോപ്പില്‍ കളിക്കേണ്ട താരമാണെന്നും തുറന്ന് പറയുന്നു.