എനിക്ക് വേണമെങ്കിൽ ബാഴ്സക്കായി കളിക്കാമായിരുന്നു, പുതിയ ആഭിമുഖത്തിൽ വെളിപ്പെടുത്തലുമായി മാർക്കോ അസെൻസിയോ

റയൽ മാഡ്രിഡിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മുൻ റയൽ മായ്യോർക്ക താരമായിരുന്ന മാർക്കോ അസെൻസിയോ. ശനിയാഴ്ച നടക്കാനിരിക്കുന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടീംമംഗങ്ങൾക്കൊപ്പം അസെൻസിയോയും. ബാഴ്സയ്ക്കെതിരെ മത്സരിക്കാനിരിക്കെ മുൻപ് ബാഴ്സയിലേക്ക് തനിക്കു വന്ന അവസരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

താരവുമായി പോസ്റ്റ് യുണൈറ്റഡ് എന്ന മാധ്യമത്തിനു വേണ്ടി ഡിജെ മാരിയോക്ക് നൽകിയ അഭിമുഖത്തിലാണ് ബാഴ്‌സയെ നേരിടുന്നതിനെക്കുറിച്ച് അസെൻസിയോ മനസു തുറന്നത്. ” എനിക്ക് ബാഴ്സക്ക് വേണ്ടി കളിക്കാനാവുമായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് എന്നിൽ കാണിച്ച മികച്ച താത്പര്യമാണ് എന്റെ മനസു മാറ്റിയത്. റയൽ മാഡ്രിഡിനോട് നോ പറയുകയെന്നത് അസംഭവ്യമാണ്. ” അസെൻസിയോ അഭിപ്രായപ്പെട്ടു.

മായ്യോർക്കയിൽ നിന്നും റയലിലേക്ക് വന്നതിനു ശേഷവും താരത്തിനായി നിരവധി ഓഫറുകൾ വന്നിരുന്നുവെന്നും എന്നാൽ അതെല്ലാം റയലിൽ തന്നെ തുടരാനായി മാത്രം നിരസിക്കുകയായിരുന്നുവെന്നും അസെൻസിയോ വെളിപ്പെടുത്തി. ” നിരവധി ക്ലബ്ബുകൾ എനിക്ക് വേണ്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിൽ തുടരാനും വിജയങ്ങൾ നേടാനുമായിരുന്നു എന്റെ ആഗ്രഹം.”

2019-20 പ്രീ സീസൺ മത്സരത്തിൽ വെച്ച് അസെൻസിയോയുടെ മുട്ടിനേറ്റ പരിക്കിനെതുടർന്ന് ഒരു സീസൺ തന്നെ നഷ്ടപ്പെട്ടിരുന്നു. പുതിയ സീസണിൽ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ മികച്ചതായി അനുഭവപ്പെടുന്നുവെന്നായിരുന്നു അസെൻസിയോയുടെ മറുപടി. ” എനിക്ക് കൂടുതൽ ഓജസ്സും വേഗതയുമുള്ളതായാണ് അനുഭവപ്പെടുന്നത്. പഴയ ഉന്മേഷം ഞാൻ കണ്ടെത്തിയിരിക്കുന്നു.” അസെൻസിയോ കൂട്ടിച്ചേർത്തു.

You Might Also Like