ബാഴ്‌സ ബുണ്ടസ് ലിഗ ടീമല്ല, ലോകത്തിലെ മികച്ച ടീമാണ്, ചുട്ടമറുപടിയുമായി വിദാല്‍

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സയും ബയേണും നേർക്കുനേർ വന്നതോടെ പോർവിളികളും  ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.  ബാഴ്സ സൂപ്പർ താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട വാഗ്‌വാദങ്ങളാണ്  ഇത്രയും ദിവസം വാർത്തകളിൽ ഇടംനേടിയിരുന്നത്.

മെസിയെക്കാൾ മികച്ചവനാണ് ലെവൻഡോവ്സ്കിയെന്നും അത് വെള്ളിയാഴ്ച തെളിയിക്കുമെന്നും പ്രഖ്യാപിച്ചു കൊണ്ട് ബയേൺ സൂപ്പർ താരം  തോമസ് മുള്ളറും  ഇതിഹാസതാരമായ ലോതർ മതെയൂസും വാക്‌പോരിന്‌ തുടക്കം കുറിക്കുകയായിരുന്നു. 

അതിനു ശേഷം മെസിയെ ഒതുക്കുന്ന  കാര്യം ഡേവിസ് നോക്കിക്കൊള്ളുമെന്ന്  പറഞ്ഞു കൊണ്ട് ബയേൺ പ്രസിഡന്റും രംഗത്ത് വന്നിരുന്നു. 

എന്നാൽ ബാഴ്സക്കുവേണ്ടി  അർടുറോ വിദാൽ മറുപടിയുമായി രംഗത്തെത്തിയതോടെ വാക്‌പോര് മറ്റൊരു തലത്തേക്ക് മാറിയിരിക്കുകയാണ്. ബയേൺ നേരിടാൻ പോവുന്നത് ബുണ്ടസ് ലിഗയിലെ ക്ലബുകളെ അല്ലെന്നും ലോകത്തിലേ ഏറ്റവും മികച്ച ക്ലബ്ബായ  ബാഴ്‌സയെ ആണെന്നുമുള്ള ഓർമ്മ വേണമെന്നായിരുന്നു വിദാലിന്റെ മുന്നറിയിപ്പ്.

2015 മുതൽ 2018 വരെ മൂന്നു വർഷം  ബയേണിൽ കളിച്ച താരമാണ് വിദാൽ. അദ്ദേഹമാണ് തന്റെ മുൻ ടീമിന് കടുത്ത ഭാഷയിൽ മറുപടി നല്‍കിയിരിക്കുന്നത്.

“ബയേൺ ആത്മവിശ്വാസത്തിലാണ് എന്നറിയാം. പക്ഷെ അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അവർ കളിക്കുന്നത് ബുണ്ടസ്‌ലിഗയിലെ ഏതെങ്കിലും ഒരു ക്ലബിനോട് അല്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ബാഴ്സയോടാണ്.”

“നിലവിൽ ഞങ്ങൾക്ക് കളത്തിനകത്ത് താളം നഷ്ടപ്പെടുകയും ലീഗ് കിരീടം കൈവിട്ടു പോവുകയും ചെയ്തു എന്നുള്ളത് ശരിയാണ്. പക്ഷെ ഞങ്ങളോടൊപ്പം മെസ്സിയുണ്ട്. തീർച്ചയായും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുന്ന ഒരുപിടി നല്ല താരങ്ങൾ ഞങ്ങളോടൊപ്പമുണ്ട് ” വിദാൽ വ്യക്തമാക്കി. വിദാലിന്റെ  ഈ പ്രസ്താവനയോടെ  ബയേണുമായുള്ള  ഈ ക്വാർട്ടർ  മികച്ചൊരു പോരാട്ടമാകുമെന്നതിൽ സംശയമില്ല.