മെസി ഒരു അന്യഗ്രഹജീവിയാണ്, ക്രിസ്ത്യാനോയുമായി താരതമ്യത്തിനില്ലെന്നു വിദാൽ

സീരി എയിൽ തന്റെ മുൻ ക്ലബ്ബായ യുവന്റസിനെ നേരിടുമ്പോഴുണ്ടായേക്കാവുന്ന അമ്പരപ്പിനെക്കുറിച്ച്‌ മനസു തുറക്കുകയാണ് മുൻ ബാഴ്സതാരവും നിലവിലെ ഇന്റർ മിലാൻ മധ്യനിരതാരവുമായ അർടുറോ വിദാൽ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ഈ 33കാരൻ തന്റെ പഴയ പരിശീലകനായ അന്റോണിയോ കോണ്ടേയുടെ ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്. നിലവിൽ ഇന്ററിനായി മികച്ച പ്രകടനം തുടരുന്നുമുണ്ട്.

യുവന്റസിനെ നേരിടുമ്പോൾ മനസിലേക്ക് കടന്നു വരുന്ന അസാധാരണമായ വികാരമാണ് അനുഭവിക്കേണ്ടിവരുകയെന്നു വിദാൽ അഭിപ്രായപ്പെട്ടു. ഒപ്പം മുൻ സഹതാരമായ പിർലോയെക്കുറിച്ചും മെസി-ക്രിസ്ത്യാനോ സംവാദത്തിനും വിദാൽ മറുപടി നൽകി. ഇറ്റാലിയൻ മാധ്യമമായ കൊറിയർ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ മനസു തുറന്നത്.

” ആന്ദ്രേ തന്റെ കോച്ചിംഗ് കരിയർ ഇങ്ങനെ തുടങ്ങിയതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ് . അദ്ദേഹമൊരു നല്ല വ്യക്തിയാണ്. ഞങ്ങൾ വർഷങ്ങളായി സുഹൃത്ബന്ധം പുലർത്തുന്നവരാണ്. ഇന്റർ ജേഴ്സിയണിഞ്ഞ്  യുവന്റസിനെതിരെ കളിക്കുകയെന്നത്  അസാധാരണമായ ഒരു വികാരമാണ് നൽകുക. ഞാൻ കളിക്കളത്തിൽ എന്റെ പരമാവധി നൽകുന്ന താരമാണ്. അതിപ്പോൾ യുവന്റസായാലും ഏതു ടീമിനെതിരെയായാലും ഞാൻ അങ്ങനെയാണ് ചെയ്യുക. “

യുവന്റസ് സൂപ്പർതാരം ക്രിസ്ത്യാനോയാണോ മെസിയാണോ മികച്ചതെന്ന ചോദ്യത്തിനും വിദാൽ മറുപടി പറഞ്ഞു: “അക്കാര്യത്തിൽ  ഒരു താരതമ്യത്തിനില്ല. മെസി അന്യഗ്രഹത്തിൽ നിന്ന് വന്നതാണ്. ഞങ്ങൾ ഇരുവരും സുഹൃത്തുക്കളാണ്. ഇനിയും ഒരുപാട് കാലം ആ അടുപ്പം നിലനിൽക്കും. മെസി ബാഴ്‌സ വിടുമോയെന്ന കാര്യം എനിക്കറിവുള്ളതല്ല. എങ്കിലും മെസി സന്തോഷവാനാണെന്നും തന്റെ ഹൃദയം കൊണ്ട്  ഒരു തീരുമാനത്തിലെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” വിദാൽ പറഞ്ഞു

You Might Also Like