ചാമ്പ്യൻസ് ലീഗ് മത്സരം കാണാനെത്തിയ ആർതറിനെ ക്യാമ്പ് നൂവിൽ കയറ്റിയില്ല
നാപോളിയുമായി ഇന്നലെ നടന്ന ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് മത്സരം കാണാനെത്തിയ ബ്രസീലിയൻ താരം ആർതറിനെ ക്യാമ്പ് നൂവിൽ പ്രവേശിപ്പിച്ചില്ല. ഇറ്റാലിയൻ ക്ലബായ യുവൻറസുമായി കരാറിലെത്തിയ താരം ബ്രസീലിൽ നിന്നും ബാഴ്സയിലേക്കു തിരിച്ചെത്താതിരുന്നതും ബാഴ്സക്കു വേണ്ടി ഇനി കളിക്കാനില്ലെന്നു പറഞ്ഞതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് താരത്തെ മത്സരത്തിനും പ്രവേശിപ്പിക്കാതിരുന്നത്.
എന്നാൽ കൊവിഡ് പ്രൊട്ടോക്കോളാണ് ആർതറിനെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതിരിക്കാൻ കാരണമായത് എന്നാണ് ഔദ്യോഗിക ഭാഷ്യം. നിലവിൽ സ്റ്റേഡിയങ്ങളിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാനാവൂ. ഇവരുടെ പട്ടിക മുൻകൂട്ടി തീരുമാനിക്കപ്പെട്ടതും ആയിരിക്കും. ഇതിൽ ഉൾപ്പെടാത്തതിനാലാണ് താരം ഒഴിവാക്കപ്പെട്ടത് എന്നാണ് ബാഴ്സ ഡയറക്ടർ ഗില്ലർമോ അമോർ പറയുന്നത്.
https://twitter.com/Oualid036_/status/1292158800254906369?s=19
ബാഴ്സയുമായുള്ള കരാർ ടെർമിനേറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ആർതർ തിരിച്ചെത്തിയത്. കൊവിസ് പരിശോധന നേരത്തെ പൂർത്തിയാക്കിയ താരം തന്റെ സഹകളിക്കാരെ പിന്തുണക്കുന്നതിനാണ് മത്സരം കാണാനെത്തിയത്. എന്നാൽ പ്രൊട്ടോക്കോൾ മറികടക്കാൻ കഴിയില്ലെന്നതിനാൽ താരം തിരിച്ചു പോവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ആർതർ ബാഴ്സയിൽ നിന്നും യുവന്റസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത്. പ്യാനിച്ചിനെ പകരം വാങ്ങിയുള്ള കരാറിനു പിന്നാലെ തന്നെ ബാഴ്സ മോശമായാണു പരിഗണിക്കുന്നതെന്ന വിമർശനം ഉയർത്തിയാണ് താരം ബ്രസീലിൽ നിന്നും മടങ്ങാതിരുന്നത്. എന്നാൽ ഇതിനെതിരെ ബാഴ്സലോണ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.