ഈ സീസണിലും ഓസിലിന്‌ ഇനി ആഴ്സണലിൽ അവസരങ്ങളില്ല, നയം വ്യക്തമാക്കി മൈക്കൽ അർട്ടെറ്റ

Image 3
EPLFeaturedFootball

മെസൂട്ട് ഓസിലിനു ആഴ്‌സണൽ ടീമിൽ ഇനി അവസരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകനായ മൈക്കൽ അർട്ടെറ്റ. കരബാവോ കപ്പിൽ ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഒസിലിനെ കളിപ്പിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ ആഴ്സനൽ കരിയറിനു അവസാനമായെന്ന രീതിയിൽ അർട്ടെറ്റ പ്രതികരിച്ചത്. കൊറോണ അവധിക്കുശേഷം ആഴ്സണൽ ടീമിൽ ഇതുവരെ താരത്തിന് അവസരം ലഭിച്ചിട്ടില്ല.

“ടീമിലുണ്ടായ മാറ്റങ്ങളും കളിക്കാരുടെ നിലവാരത്തിലുള്ള ഉയർച്ചയും നിങ്ങൾക്കു കാണാൻ കഴിയും. കൂടുതൽ മികവോടെ കിരീടങ്ങൾക്കു വേണ്ടി പൊരുതാൻ കഴിയുന്ന ടീമിനെയാണു തയ്യാറാക്കേണ്ടത്. അതു നിലനിർത്തിക്കൊണ്ട് പോവുകയും അത്യാവശ്യമാണ്. ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. ടീമിനെ തിരഞ്ഞെടുക്ക്കുകയെപ്പോഴും കോച്ചിംഗ് സ്റ്റാഫിനു വലിയ തലവേദന തന്നെയാണ്.”

“ഓരോ മത്സരത്തിനും അനുയോജ്യരായ താരങ്ങളെയാണ് ഞാൻ ടീമിലുൾപ്പെടുത്തുന്നത്. നിരവധി താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതു കൊണ്ടു തന്നെ ഓസിലുൾപ്പെടെയുള്ള ചില കളിക്കാർക്ക് അവസരങ്ങൾ കുറയുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ ചോദ്യങ്ങൾ എന്തുകൊണ്ടാണെന്ന് മനസിലാകുമെങ്കിലും ടീമിനെ മികച്ചതാക്കുകയെന്നതാണ് എന്റെ ലക്ഷ്യം.” അർട്ടെറ്റ അഭിപ്രായപ്പെട്ടു.

ഓസിലിന്റെ വലിയ വേതനം ആഴ്‌സണലിനു തലവേദനയുണ്ടാക്കിയിരുന്നു. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരം ടീമിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരത്തിന് വരുന്ന സീസണിലും മുഴുവൻ പ്രതിഫലം നൽകണമെന്നതും ഫ്രീ ട്രാൻസ്ഫറിൽ അടുത്ത സീസണിൽ താരം ക്ലബ്ബ് വിടുമെന്ന പ്രതിസന്ധിയുമാണ് ആഴ്സണൽ അഭിമുഖീകരിക്കുന്നത്. ശമ്പളം നൽകുന്നുണ്ടെങ്കിലും അർട്ടെറ്റയുടെ പദ്ധതികളിൽ ഓസിൽ ഇല്ലെന്നാണ് ഇതോടെ വെളിവാകുന്നത്.