ഇനിയും പ്രീമിയർ ലീഗ് നേടാനാവും, ആത്മവിശ്വാസം കൈവിടാതെ അർടെട്ട

ഈ സീസണിന്റെ തുടക്കം മുതൽ പ്രീമിയർ ലീഗിൽ മുന്നിൽ നിന്നിരുന്ന ആഴ്‌സണൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ കഴിഞ്ഞ മത്സരത്തോടെ വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നുണ്ടെങ്കിലും അവർ രണ്ടു മത്സരം കുറവാണ് കളിച്ചതെന്നത് ആഴ്‌സണലിന് ഭീഷണിയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെതിരെ വിജയം നേടിയത്. കെവിൻ ഡി ബ്രൂയ്ൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഹാലാൻഡ്‌ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. പ്രതിരോധതാരം റോബ് ഹോൾഡിങ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്‌സണലിന്റെ ആശ്വാസഗോൾ സ്വന്തമാക്കി.

കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തമായ ആധിപത്യം ഇപ്പോഴുണ്ടെങ്കിലും ആഴ്‌സണലിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണു പരിശീലകൻ അർടെട്ട പറയുന്നത്. “ഞാനങ്ങനെയാണ് കരുതുന്നത്. മികച്ച ടീമാണ് കഴിഞ്ഞ മത്സരം വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു.”

“അസാധാരണമായൊരു ടീമിനെതിരെ അടിസ്ഥാനപരമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. ഞങ്ങളത് ചെയ്‌തില്ല, അതിനു ശിക്ഷ ലഭിക്കുകയും ചെയ്‌തു. ഈ സീസണിന്റെ തുടക്കത്തിലേ കണക്കുകൾ പ്രകാരം ഞങ്ങൾ ആറാമതോ ഏഴാമതോ എത്തുമെന്നായിരുന്നു. ഇനിയും അഞ്ചു മത്സരങ്ങൾ കളിക്കാനുണ്ട്. ഈ ലീഗിൽ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുള്ള എനിക്കറിയാം കാര്യങ്ങൾ എങ്ങിനെ മാറുമെന്ന്.” അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നു മത്സരങ്ങൾ വളരെ പ്രധാനമാണെന്നും അതിൽ മികച്ച പ്രകടനം നടത്തിയാലേ തിരിച്ചു വരാൻ കഴിയുമോയെന്ന് മനസിലാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആഴ്‌സനലിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളിൽ ചെൽസി, ന്യൂകാസിൽ. ബ്രൈറ്റൻ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങൾ കടുപ്പമുള്ളതായിരിക്കാൻ സാധ്യതയുണ്ട്.

You Might Also Like