ബംഗ്ലാദേശിനെതിരെ ഇടം കൈ കൊണ്ട് ഇന്ത്യയുടെ ‘ബൗളിംഗ്’ പരീക്ഷണം, നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നു
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്തുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നു. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ജസ്പ്രീത് ഭുംറയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത.
മുഹമ്മദ് ഷമി ഇപ്പോഴും കണങ്കാല്‍ ശസ്ത്രക്രിയയുടെ പരിക്ക് മാറിയിട്ടില്ല, ദുലീപ് ട്രോഫിയില്‍ പങ്കെടുക്കില്ല. മുഹമ്മദ് സിറാജ് മാത്രമാണ് ഇപ്പോള്‍ ടീമിലെ പരിചയസമ്പന്നനായ പേസര്‍. അതിനാല്‍, മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സീമര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാര്‍.
പിടിഐ റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശ് പരമ്പരയില്‍ ഇടംകൈയ്യന്‍ പേസര്‍മാരെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ജയ്ദേവ് ഉനദ്കട്ടിനെ പരീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. ഇപ്പോള്‍ നിരവധി ഇടംകൈയ്യന്‍ പേസര്‍മാര്‍ ലഭ്യമാണ് എന്നത് സെലക്ടര്‍മാര്‍ക്ക് അനുകൂലമാണ്.
അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, യശ് ദയാല്‍ എന്നിവരാണ് ആദ്യ ടെസ്റ്റ് മത്സരത്തിനായി മത്സരിക്കുന്നത്.
അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ സ്ഥിരസാന്നിധ്യമാണ്. ഖലീല്‍ അഹമ്മദും യശ് ദയാലും ഐപിഎല്‍ 2024 ല്‍ മികച്ച പ്രകടനം കാഴ്ചവച്ചു.