പ്രീമിയർ ലീഗ്‌ ചാമ്പ്യന്മാരെ തകർത്ത് ആഴ്‌സണലിനു കമ്മ്യൂണിറ്റി ഷീൽഡ്, സീസണിലെ രണ്ടാം കിരീടം

Image 3
FeaturedFootball

ഒരു മാസത്തിനിടെ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ആർട്ടെറ്റക്ക് കീഴിൽ ഗണ്ണേഴ്സ്. എഫ്എ കപ്പിൽ ചെൽസിയെ തകർത്തപ്പോൾ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ ക്ലോപ്പിന്റെ ലിവർപൂളാണ് ആഴ്‌സണലിനു മുന്നിൽ അടിയറവു പറഞ്ഞത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

മികച്ച പ്രകടനം നടത്തിയ ഒബാമയങ്ങും മധ്യനിരയിൽ മൈറ്റ്ലാൻഡ് നൈൽസുമാണ് ആഴ്‌സണലിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത്.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിയാതെ പോയതാണ് ലിവർപൂളിന് വിനയായത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ആഴ്‌സണലിന് വേണ്ടി ഒബമയാങ് വലകുലുക്കി. ബുകയോ സാകയുടെ പാസ്സ് ഇടതു വിങ്ങിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ഒബമയാങ് അലിസനെ മറികടന്നു വലയിലെത്തിക്കുകയായിരുന്നു.

ആദ്യപകുതിയിൽ ലീഡുമായാണ് ആഴ്‌സണൽ കളംവിട്ടത്. എന്നാൽ 73-ആം മിനിറ്റിൽ ലിവർപൂൾ സമനില ഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ മിനാമിനോയാണ് സമനില ഗോൾ കണ്ടെത്തിയത്. നിശ്ചിതസമയതിന് ശേഷം 1-1 സമനിലയിലായപ്പോൾ പെനാൽറ്റി ഷൂട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ആഴ്‌സണലിന് വേണ്ടി കിക്കെടുത്ത നെൽസൺ, നൈൽസ്,സെഡ്രിക്, ഡേവിഡ് ലൂയിസ്, ഒബമയാങ് എന്നിവർ എല്ലാവരും തന്നെ ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിൽ കിക്ക് എടുത്ത ബ്രൂയ്സ്റ്ററിന് പിഴക്കുകയായിരുന്നു.

അതോടെ കമ്മ്യൂണിറ്റി ഷീൽഡ് ആഴ്‌സണൽ സ്വന്തം ഷെൽഫിൽ എത്തിച്ചു. മത്സരശേഷം കളിയിലെ താരമായി മൈറ്റ്ലാൻഡ് നൈൽസിനെ തെരഞ്ഞെടുത്തു. മത്സരശേഷം തന്റെ ഭാവി തീരുമാനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഓബാമയാങ് കൂടുതലൊന്നും പറഞ്ഞില്ല. കൂടാതെ ഇത്തവണ കപ്പെടുക്കുമ്പോൾ വീഴാതെ നോക്കുമെന്നും തമാശരൂപേണ പറഞ്ഞു. എന്തായാലും പ്രീമിയർ ലീഗിൽ എട്ടാംസ്ഥാനത്തുള്ള ആഴ്സണലിന്റെ ഈ സീസണിലെ രണ്ടാം കിരീടമാണ് ഇത്.