ആഴ്സനലിന്റെ തകർപ്പൻ ജയം തിരിച്ചടിയാവുക റയൽ മാഡ്രിഡിന്

Image 3
EPLFeaturedFootball

ഇന്നലെ നടന്ന എഫ്എ കപ്പ് സെമി ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്സനൽ നേടിയ വിജയം ഏവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. സിറ്റിയുടെ പുകഴ്പെറ്റ മുന്നേറ്റനിരയെ പിടിച്ചുകെട്ടി ആശാനായ പെപ് ഗാർഡിയോളയെ ശിഷ്യനായ അർടേട്ട മലർത്തിയടിച്ചപ്പോൾ ആഴ്സനലിനത് ഈ സീസണിൽ ഒരു കിരീടം സ്വന്തമാക്കാനുള്ള സാധ്യതകൾ കൂടിയാണു തുറന്നത്.

ആഴ്സനലിന്റെ ഈ വിജയം സിറ്റിയെ നിരാശപ്പെടുത്തുന്നതാണ് എങ്കിലും അതിൽ ഏറ്റവുമധികം തിരിച്ചടി നേരിടുക റയൽ മാഡ്രിഡാണെന്നതാണ് ഏറ്റവും വലിയ സത്യം. എഫ്എ കപ്പ് സെമി ഫൈനലിൽ കൂടി തോറ്റതോടെ ഈ സീസണിൽ സിറ്റിക്ക് ആകെയുള്ള കിരീട പ്രതീക്ഷ ചാമ്പ്യൻസ് ലീഗ് മാത്രമാണ്. അതിന്റെ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത് റയൽ മാഡ്രിഡിനെയും.

പ്രീമിയർ ലീഗും എഫ്എ കപ്പും കൈവിട്ടതോടെ ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് റയലിനെതിരെയുള്ള മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ആദ്യപാദ മത്സരത്തിൽ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയം നേടിയതും രണ്ടാം പാദം സ്വന്തം മൈതാനത്താണെന്നതും സിറ്റിക്കു ഗുണമാണ്. അതേ സമയം ഇനി റയലിന്റെ മുന്നിലുള്ള പ്രധാന മത്സരവും ഇതു തന്നെയാണ്.

റയലിനെതിരായ മത്സരത്തെക്കുറിച്ച് ഇപ്പോൾ തന്നെ പെപ് ഗാർഡിയോള കളിക്കാർക്ക് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇതു പോലെയുള്ള നിർണായക ഘട്ടങ്ങളിൽ പതറുന്നത് ടീമിനു ഗുണകരമാവില്ലെന്നാണ് പെപ് വ്യക്തമാക്കിയത്‌. എന്തായാലും മികച്ച പോരാട്ടം തന്നെയായിരിക്കും ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ കാണാനാവുക.