അത്ഭുത താരത്തിന് 4 വര്‍ഷത്തെ കരാര്‍, അടുത്ത സീസണിലേക്കുള്ള വെടിമരുന്ന് നിറച്ച് ഗണ്ണേഴ്‌സ്!

ആര്‍സണലുമായി നാല് വര്‍ഷത്തിന്റെ ദീര്‍ഘകാല കരാര്‍ ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ മാര്‍ടിനെല്ലി ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം ബ്രസീലിലെ മൂന്നാം ഡിവിഷന്‍ ടീമായ ഇറ്റ്വാനോ എഫ്‌സിയില്‍ നിന്നും ആര്‍സനലിലെത്തിയ മാര്‍ടിനെല്ലി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ആര്‍സനലിന്റെയും ബ്രസീലിന്റെയും ഭാവി വാഗ്ദാനമായി വിലയിരുത്തുന്ന താരം 1998-99 ല്‍ നിക്കോളസ് അനെല്‍ക്കക്കു ശേഷം സീസണില്‍ പത്തു ഗോളുകള്‍ നേടുന്ന ആദ്യ യുവകളിക്കാരനുമായി മാറിയിരുന്നു.
നിലവില്‍ പരിക്കിന്റെ പിടിയിലായ മാര്‍ടിനെല്ലിയ്ക്ക് ഈ സീസണില്‍ ഇനി കളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് ആര്‍സനല്‍ കോച്ച് മൈക്കല്‍ അര്‍റ്റേറ്റ സ്ഥിരീകരിച്ചിരുന്നു.
‘ഗാബി ഞങ്ങളുമായി പുതിയ കരാറിലെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. വളരെയധികം പ്രതിഭയും കഠിനാധ്വാനിയുമായ യുവകളിക്കാരനാണ് അവന്‍.വളരെ പെട്ടെന്ന് തന്നെ പരിക്കില്‍ നിന്ന് മോചിതനാവുകയും പൂര്‍ണാരോഗ്യത്തോടെ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍.’ അര്‍റ്റേറ്റ ആര്‍സനലിന്റെ ഔദ്യോഗിക വെബസെറ്റിനോട് പറഞ്ഞു.
അടുത്ത സീസണ്‍ തുടക്കത്തില്‍ തന്നെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരവും ക്ലബും. മറ്റൊരു യുവപ്രതിഭ സാകയുമായി കരാര്‍ പുതുക്കിയതിനു പിന്നാലെ ക്ലബ്ബിന്റെ തുടര്‍പ്രയാണങ്ങളില്‍ ഗബ്രിയേല്‍ മാര്‍ടിനെല്ലിയെ കൂടി നാല് വര്‍ഷത്തേക്ക് ടീമിന്റെ കൂടെ നിലനിര്‍ത്താന്‍ കഴിഞ്ഞത്ആര്‍സനല്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.