ലക്ഷങ്ങള്‍ വാരിയെറിഞ്ഞു, സര്‍പ്രൈസ് താരത്തെ പൊന്നുംവിലയ്ക്ക് റാഞ്ചി ഹൈദരാബാദ്
പ്രതിരോധത്തിലെ ഇന്ത്യയുടെ യുവ പ്രതീക്ഷയായ ആകാശ് മിശ്രയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സി. ആരോസിന് 40 ലക്ഷത്തിന്റെ ട്രാന്‍സ്ഫര്‍ ഫീ കൊടുത്താണ് ആകാശ് മിശ്രയെ ഹൈദരാബാദ് സ്വന്തമാക്കിയത്.
18കാരനായ താരം ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മൂന്ന് വര്‍ഷത്താളം ജര്‍മ്മനിയില്‍ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുള്‍ബാക്ക് ആയ താരം അറ്റാക്കിലും ഡിഫന്‍സിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്. ഇന്ത്യന്‍ ആരോസിന്റെ മുഖ്യ താരമായിരുന്ന ആകാശ് ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ആണ് നിലവില്‍ കളിക്കുന്നത്.
കഴിഞ്ഞ ഐലീഗ് സീസണില്‍ സീസണില്‍ 16 മത്സരങ്ങള്‍ ആരോസിനായി ആകാശ് കളിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം സാഫ് കിരീടം നേടിയിട്ടുണ്ട്. സാഫ് കപ്പില്‍ രണ്ട് ഗോളുകളും മിശ്ര നേടിയിരുന്നു.
ആകാശും ഹൈദരാബാദും തമ്മില്‍ മൂന്ന് വര്‍ഷത്തെ കരാറിനാണ് ഒപ്പ് വെച്ചിരിക്കുന്നത്. ഭാവി ഇന്ത്യന്‍ താരമായി വിലയിരുത്തപ്പെടുന്ന താരമാണ് ആകാശ്.