ഞെട്ടിച്ച് അര്‍ജുന്‍, പിഴുതത് ഒന്‍പത് വിക്കറ്റുകള്‍, സച്ചിന്റെ മകന്റെ അമ്പരപ്പിക്കുന്ന മാസ്

Image 3
CricketCricket NewsFeatured

ഫസ്റ്റ് ക്ലാസ് സീസണിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മത്സത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാണ് അര്‍ജന്‍ ഞെട്ടിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി കളിക്കുന്ന അര്‍ജുന്‍, കര്‍ണാടകയിലെ ഡോ. കെ. തിമ്മപ്പയ്യ സ്മാരക ടൂര്‍ണമെന്റില്‍ കര്‍ണാടക ഇലവനെതിരെയാണ് ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. 26.3 ഓവറുകള്‍ എറിഞ്ഞ അര്‍ജുന്‍ 87 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകള്‍ നേടി.

കര്‍ണാടകയുടെ അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു എതിര്‍ ടീം. നികിന്‍ ജോസ്, ശരത് ശ്രീനിവാസ് തുടങ്ങിയ പ്രമുഖ കളിക്കാര്‍ ഈ ടീമിലുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 36.5 ഓവറില്‍ 103 റണ്‍സിന് കര്‍ണാടക പുറത്തായി. അര്‍ജുന്‍ 41 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ഗോവ 413 റണ്‍സ് നേടി. അഭിനവ് തേജ് റാണ (109) സെഞ്ചുറിയും മന്‍തന്‍ ഗുട്കര്‍ അര്‍ധസെഞ്ചുറിയും (69) നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ കര്‍ണാടക 30.4 ഓവറില്‍ 121 റണ്‍സിന് പുറത്തായി. 13.3 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി. മത്സരത്തില്‍ ഗോവ 189 റണ്‍സിന്റെ വിജയം സ്വന്തമാക്കി. കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് മുംബൈ താരമായിരുന്ന അര്‍ജുന്‍ ഗോവയിലേക്ക് മാറിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അര്‍ജുന്‍.

24 വയസ്സുകാരനായ അര്‍ജുന്‍ സീനിയര്‍ തലത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 68 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ്ങിന്റെ കീഴിലായിരുന്നു അര്‍ജുന്റെ ആദ്യകാല പരിശീലനം.