അമ്പരപ്പിക്കുന്ന തിരിച്ചുവരവ്, ബാസിത്-അഖില്‍ ഹീറോ, കൊല്ലം മുക്കി തിരുവനന്തപുരം
കെസിഎല്‍ പ്രഥമ സീസണിലെ തുടര്‍ വിജയങ്ങളുമായി സെമി ഫൈനല്‍ ഉറപ്പിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്സിന് ട്രിവാന്‍ഡ്രം റോയല്‍സിന്റെ രൂപത്തില്‍ തിരിച്ചടി. പൊരുതിക്കളിച്ച കൊല്ലം സെയ്‌ലേഴ്സിനെ, ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ട്രിവാന്‍ഡ്രം റോയല്‍സ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. വത്സല്‍ ഗോവിന്ദിന്റെ അര്‍ധസെഞ്ച്വറി (52) ആണ് കൊല്ലത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ട്രിവാന്‍ഡ്രം നിരയില്‍ വിനോദ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ഒരു ഘട്ടത്തില്‍ ആറിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിതും (34) എം.എസ്. അഖിലും (29) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 49 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. 10 പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെ ട്രിവാന്‍ഡ്രം വിജയലക്ഷ്യം മറികടന്നു.
കൊല്ലത്തിനായി വിജയ് വിശ്വനാഥ് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിന്റെ തോല്‍വി ഒഴിവാക്കാനായില്ല. ഈ വിജയത്തോടെ ട്രിവാന്‍ഡ്രം റോയല്‍സ് കെസിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്തി.