മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും വേണ്ട, അർജൻറീന താരം ഞെട്ടിക്കുന്ന ട്രാൻസ്ഫറിനൊരുങ്ങുന്നു

Image 3
FeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നോട്ടമിട്ടിരിക്കുന്ന അർജൻറീനയുടെ യുവ പ്ലേ മേക്കറായ തിയാഗോ അൽമാഡ ഇരുവരെയും തഴഞ്ഞ് പ്രീമിയർ ലീഗിലേക്കു അടുത്ത സീസണിൽ കളിക്കാനെത്തുന്ന ലീഡ്സ് യുണൈറ്റഡിലേക്കു ചേക്കേറാനൊരുങ്ങുന്നു. ലീഡ്സിന്റെ അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസയോടുള്ള തന്റെ താൽപര്യം പത്തൊൻപതുകാരനായ താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“ബിയൽസ പരിശീലിപ്പിക്കുന്ന ടീമിൽ കളിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. എന്റെ സുഹൃത്തുക്കളിൽ പലരും അദ്ദേഹത്തെക്കുറിച്ച് പലതും അയച്ചു തരാറുണ്ട്. എന്നാൽ ട്രാൻസ്ഫറിന്റെ കാര്യത്തിൽ എന്തു സംഭവിക്കുമെന്നത് കണ്ടറിയണം.” ഈ സീസണോടെ ഇരുപതു ദശലക്ഷം റിലീസ് ക്ളോസ് അവസാനിക്കാനിരിക്കുന്ന താരം പറഞ്ഞു.

ലീഡ്സിന്റെ ഏതാനും മത്സരങ്ങൾ കണ്ടിട്ടുണ്ടെന്നും ബിയൽസയുടെ ശൈലി താൻ കളിക്കുന്ന ക്ലബിന്റേതിനു സമാനമാണെന്നും അൽമാഡ പറഞ്ഞു. മുൻ അർജൻറീനിയൻ താരമായ ഗബ്രിയേൽ ഹെയ്ൻസി പരിശീലിപ്പിക്കുന്ന അർജന്റീനിയൻ ക്ലബായ വെലസ് സാർസ്ഫീൽഡിലാണ് അൽമാഡ ഇപ്പോൾ കളിക്കുന്നത്.

സിറ്റിക്കും യുണൈറ്റഡിനും പുറമേ പത്തൊൻപതുകാരനായ അൽമാഡക്കു വേണ്ടി ആഴ്സനൽ, അറ്റ്ലറ്റികോ മാഡ്രിഡ് ക്ലബുകളും ശ്രമം നടത്തിയിരുന്നു. എന്നാൽ പതിനാറു വർഷത്തിനു ശേഷം പ്രീമിയർ ലീഗിലേക്കു തിരിച്ചു വരവിനൊരുങ്ങുന്ന ലീഡ്സ് തന്നെ താരത്തെ സ്വന്തമാക്കാനാണു സാധ്യത.