സ്‌കലോണിക്ക് പിണഞ്ഞത് വമ്പൻ അബദ്ധം, അർജന്റീന സ്‌ട്രൈക്കർ ഇറ്റാലിയൻ ദേശീയ ടീമിൽ

ഇറ്റാലിയൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് സമ്മിശ്രമായ രീതിയിലാണ് കഴിഞ്ഞ കുറച്ചു കാലം കടന്നു പോയത്. യൂറോ കപ്പ് ആധികാരികമായി വിജയിച്ച അവർക്ക് അതിനു പിന്നാലെ തന്നെ നടന്ന ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് അവർ ലോകകപ്പിന് യോഗ്യത നേടാൻ പരാജയപ്പെടുന്നത്.

അടുത്ത യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾക്കായി കഴിഞ്ഞ ദിവസം ഇറ്റാലിയൻ ദേശീയ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ അർജന്റീനക്കൊരു പണി ഇറ്റലി നൽകിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കേണ്ട ഒരു താരത്തെ ഉൾപ്പെടുത്തിയാണ് ഇറ്റലി ടീം പരിശീലകൻ മാൻസിനി പ്രഖ്യാപിച്ചത്. അർജന്റീന ക്ലബായ ടൈഗ്രയിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ മാറ്റിയോ റെറ്റെഗുയാണ് ആ താരം.

അർജന്റീനയിൽ ജനിച്ച് അർജന്റീന യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റെറ്റെഗുയ്. അർജന്റീനയിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ ബൊക്ക ജൂനിയേഴ്‌സിന്റെ താരമായ റെറ്റെഗുയ് നിലവിൽ ലോണിലാണ് ടൈഗ്രയിൽ കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ ആരംഭിച്ച അർജന്റീന ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയ താരമാണ് ടോപ് സ്‌കോറർ.

ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നുണ്ട്. ഈ മാസം ഇരുപത്തിമൂന്നിനും ഇരുപത്തിയേട്ടിനും നടക്കുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ യുവതാരങ്ങൾ നിരവധിയുണ്ടെങ്കിലും റെറ്റെഗുയ്ക്ക് അവസരം ലഭിച്ചില്ല. ഈ അവസരം മുതലെടുത്താണ് റോബർട്ടോ മാൻസിനി താരത്തെ ടീമിലെത്തിച്ചത്.

ഇറ്റാലിയൻ ദേശീയ ടീം മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നേരിടുന്നുണ്ട്. പുതിയ താരങ്ങളെ ലക്ഷ്യമിട്ട് ഇത് പരിഹരിക്കാൻ പരിശീലകനായ മാൻസിനി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റെറ്റെഗുയ് ടീമിലെത്തിയത്. അതേസമയം നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തെ നഷ്‌ടമായത് അർജന്റീനക്ക് വലിയൊരു തിരിച്ചടി തന്നെയാണ്.

You Might Also Like