ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്നത് പദവി, ഏറ്റവും ആശ്ചര്യകരമായ തീരുമാനം, ഫക്കുണ്ടോ സംസാരിക്കുന്നു

Image 3
FootballISL

എന്തുകൊണ്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത് എന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫകുണ്ടോ എബെല്‍ പെരേയ്‌റാ. ഇന്ത്യയില്‍ കളിക്കുക എന്നത് തന്നെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും സന്തോഷകരവുമായ കാര്യമാണെന്നും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക എന്നത് ഒരു പദവിയായി കാണുന്നതായും ഫകുണ്ടോ പെരേര പറയുന്നു.

‘ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി ഞാന്‍ കാണുന്നു. ഇന്ത്യയില്‍ കളിക്കുക എന്നത് തന്നെ എന്റെ ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും സന്തോഷകരവും, ആശ്ചര്യം നിറഞ്ഞതുമാണ്’ ഫകണ്ടോ പറഞ്ഞു.

‘ഫുട്‌ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും പദ്ധതികളും കേരളത്തെകുറിച്ചുള്ള രസകരമായ നിരവധി വസ്തുതകളും, പ്രത്യേകിച്ചും ആരാധകരും, ഫുട്‌ബോളിനോടുള്ള അവരുടെ അഭിനിവേശവും എന്നെ പ്രചോദിപ്പിച്ചു. ആരാധകര്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്നതരത്തില്‍ ക്ലബ്ബിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും ഞാന്‍ സംഭാവന നല്‍കും’ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടുകൊണ്ട് ഫകുണ്ടോ പെരേര കൂട്ടിചേര്‍ത്തു.

അര്‍ജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വര്‍ ടീമായ എസ്റ്റുഡിയന്റ്‌സ് ഡി ബ്യൂണസ് അയേഴ്‌സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാള്‍ ജീവിതം ആരംഭിച്ചത്. 2006മുതല്‍ 2009 വരെ അവിടെ തുടര്‍ന്ന അദ്ദേഹം ലോണില്‍ ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി.

തുടര്‍ വര്‍ഷങ്ങളില്‍ ചിലിയന്‍, മെക്‌സിക്കന്‍, അര്‍ജന്റീനിയന്‍ ലീഗുകളില്‍ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി ബൂട്ടണിഞ്ഞു. സ്‌ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയുന്ന പെരേരയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്.

അന്നത്തെ പിഎഒകെ പരിശീലകന്‍, ‘ഫാനൂറിസ്’ എന്ന് വിശേഷിപ്പിച്ച പെരേര മൂന്ന് വര്‍ഷം കൊണ്ട് രണ്ട് ലോണുകളില്‍ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാല്‍ കളിക്കാരനായ അദ്ദേഹം 2018ല്‍ അപ്പോളന്‍ ലിമാസ്സോളില്‍ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങള്‍ ഉള്‍പ്പടെ 53 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ബോക്‌സില്‍ പെരേയ്‌റയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അര്‍ജന്റീനിയന്‍ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് കരുത്താകും.