മെസിയൊരിക്കലുമൊരു നായകനല്ല, മികച്ച എതിരാളികൾക്കെതിരെ പതറുന്ന താരമെന്ന ആരോപണവുമായി അർജന്റൈൻ ഇതിഹാസതാരം

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമായിട്ടും മെസിക്ക് ടീമിനെ നയിക്കാനുള്ള കഴിവില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജൻറീനയുടെ ഇതിഹാസതാരം ക്‌ളോഡിയോ കനിജിയ. സ്വന്തം ടീമിനേക്കാൾ മികച്ചവരാണ് എതിരാളികളെങ്കിൽ മെസിയുടെ പ്രകടനം മോശമാകുമെന്നും ടീമിനെ ഒത്തിണക്കത്തോടെ ഒരുമിച്ചു നിർത്താൻ മെസിക്കു സാധിക്കില്ലെന്നും കനീജിയ ചൂണ്ടിക്കാണിക്കുന്നു.

“മെസിക്ക് നേതൃത്വം നൽകാനുള്ള കഴിവില്ലെന്നാണ് എന്റെ അഭിപ്രായം. സ്വന്തം ടീമല്ല മികച്ചതെങ്കിൽ മെസിയുടെ പ്രകടനം മോശമാകും. മെസി ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മനസുകാണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നല്ലൊരു മനോഭാവമുണ്ടെന്നുമെനിക്കറിയാം. എന്നാൽ സ്വന്തം ടീം എതിരാളികളെക്കാൾ മോശമാകുമ്പോൾ അദ്ദേഹം പതറുകയാണു ചെയ്യുന്നത്.” കനാൽ 26നോട് സംസാരിക്കുകയായിരുന്നു കനിജിയ.

ബാഴ്സ വിടുന്നതുമായി ബന്ധപ്പെട്ട് മെസിക്കു ലഭിച്ച നിയമോപദേശം വളരെ മോശമായിരുന്നുവെന്ന അഭിപ്രായക്കാരനാണ് കനീജിയ. “ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടണമെന്ന നിയമോപദേശം നൽകിയത് ശരിയായില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ആമ തല വലിക്കുന്നതു പോലെയാണത്. ബാഴ്സ വിടണമെന്ന് മെസിക്ക് യാതൊരു താൽപര്യവുമില്ല.” അദ്ദേഹം മെസി ട്രാൻസ്ഫറിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.

ബാഴ്‌സ അധികൃതരുമായി പ്രശ്നങ്ങളുണ്ടെങ്കിലും ബാഴ്സയുടെ പ്രീ സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. ഈ മാസം ഇരുപത്തിയെട്ടിന് വിയ്യാറയലിനെതിരെ ബാഴ്സ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ നായകവേഷത്തിൽ താരത്തിന്റെ പ്രകടനം തന്നെയാണ് ബാഴ്‌സ ആരാധകരും ഉറ്റു നോക്കുന്നത്.

You Might Also Like